ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസൻ ശ്രീലങ്കൻ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിൽ ഉണ്ടാവുമെന്ന് സൂചന നൽകി ബംഗ്ലാദേശ് പരിശീലകൻ റസ്സൽ ഡോമിംഗോ. കഴിഞ്ഞ വർഷമാണ് വാതുവെപ്പ് സംഘം തന്നെ സമീപിച്ചത് ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാത്തതിനെ തുടർന്ന് രണ്ട് വർഷത്തേക്ക് താരത്തെ വിലക്കിയത്. തുടർന്ന് താരത്തിന്റെ വിലക്കിൽ നിന്ന് ഒരു വർഷം ഐ.സി.സി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഈ വിലക്ക് ഒക്ടോബർ 29ന് തീരാനിരിക്കെയാണ് ഷാക്കിബിനെ ടീമിലെ ഉൾപെടുത്തുമെന്ന സൂചന പരിശീലകൻ നൽകിയത്. ടീമിലെ മറ്റു താരങ്ങൾ എല്ലാം 6-7 മാസമായി കളിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ ഷാക്കിബിന്റെ ഒരു വർഷത്തെ വിലക്ക് വലിയ വിത്യാസം ഇല്ലെന്നും പരിശീലകൻ പറഞ്ഞു. ബംഗ്ലാദേശ് ടീമിൽ എത്തുന്നതിന് മുൻപ് താരത്തിന് വേണ്ട മത്സര പരിചയം നൽകാനുള്ള വഴികൾ നോക്കുമെന്നും പരിശീലകൻ പറഞ്ഞു.
ഒക്ടോബർ 29വരെ വിലക്കുള്ളത് കൊണ്ട് തന്നെ ഷാക്കിബിനെ അനൗദ്യോഗിക മത്സരങ്ങൾ കളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും റസ്സൽ ഡോമിംഗ പറഞ്ഞു. പരമ്പരക്ക് വേണ്ടി സെപ്റ്റംബർ 24ന് ബംഗ്ലാദേശ് ടീം ശ്രീലങ്കയിലേക്ക് തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. പരമ്പരയിലെ 3 ടി20 മത്സരങ്ങളിലാവും ഷാകിബ് കളിക്കുക. കൂടാതെ രണ്ടോ അല്ലെങ്കിൽ മൂന്നോ ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടുത്താനുള്ള ചർച്ചകളും ഇരു ബോർഡുകളും നടത്തുന്നുണ്ട്.