ഷെഹ്സാദിന്റെ സസ്പെന്‍ഷന്‍ 12 മാസത്തേക്ക്

അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് ഷെഹ്സാദിനെ വിലക്കിയ തീരുമാനം 12 മാസത്തേക്കായിരിക്കുമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. താരത്തെ വിലക്കുവാനുള്ള കാരണമായി ബോര്‍ഡ് പറയുന്നത് താരം അനുമതിയില്ലാതെ രാജ്യത്തിന് പുറത്തേക്ക് പല തവണ പോയി എന്നതാണ്. പരിശീലനത്തിനായാണ് താരം രാജ്യത്തിന് പുറത്ത് പോയതെന്നാണ് ഷെഹ്സാദ് പറയുന്നതെങ്കിലും രാജ്യത്തിനകത്ത് തന്നെ പരിശീലനത്തിന് വേണ്ട മികച്ച സൗകര്യമുണ്ടെന്നും പുറം രാജ്യത്തേക്ക് ഇതിനായി പോകേണ്ടതില്ലെന്നുമാണ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്.

നേരത്തെ അനിശ്ചിത കാലത്തേക്കാണ് താരത്തെ വിലക്കുന്നതായി ബോര്‍ഡ് അറിയിച്ചത്. ലോകകപ്പിനിടെ താരത്തിനെ ബോര്‍ഡ് ടീമില്‍ നിന്ന് ഫിറ്റ്നെസ്സിന്റെ പേരില്‍ മടക്കിയയച്ചിരുന്നു. അതിന് ശേഷം ഷെഹ്സാദ് സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് പരിക്കില്ലെന്നും അഫ്ഗാന്‍ ബോര്‍ഡ് സിഇഒ തന്നോട് പകപോക്കുകയാണെന്നും ആരോപിച്ചിരുന്നു.

Previous articleകൗട്ടീനോയുടെ മെഡിക്കൽ പൂർത്തിയായി, ലോൺ കഴിഞ്ഞാൽ 120 മില്യണ് ബയേണ് താരത്തെ വാങ്ങാം
Next articleഒരു സെഷന്‍, 221 റണ്‍സ്, എട്ട് വിക്കറ്റ് – ലോര്‍ഡ്സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്