ജീവകാരുണ്യ പ്രവര്‍ത്തനവുമായി ഒട്ടേറെ യാത്ര ചെയ്യുന്നതിനാല്‍ തനിക്ക് ഈ അസുഖം വരുമെന്ന് തീര്‍ച്ചയായിരുന്നു – ഷാഹിദ് അഫ്രീദി

- Advertisement -

പാക് മുന്‍ താരം ഷാഹിദ് അഫ്രീദിയ്ക്ക് അടുത്തിടെയാണ് കോവിഡ് ബാധിച്ചത്. ക്രിക്കറ്റില്‍ പല മുന്‍ താരങ്ങള്‍ക്കും ഇപ്പോള്‍ കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും അവരില്‍ ഏറ്റവും പ്രമുഖനെന്ന് വിശേഷിപ്പിക്കാവുന്നത് അഫ്രീദിയെ തന്നെയാണ്. എന്നാല്‍ തന്നെ കോവിഡ് പിടികൂടുമെന്ന് തനിക്ക് നേരത്തെ തന്നെ ഉറപ്പായിരുന്നുവെന്നും കാരണം താന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്ര അധികമായി ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കി.

നേരത്തെ താരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നിരുന്നു. എന്നാല്‍ ആദ്യ ദിവസത്തെ ബുദ്ധിമുട്ടുകള്‍ക്ക് ശേഷം താന്‍ സുഖം പ്രാപിച്ച് വരികയാണെന്ന് താരം തന്നോ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ആദ്യ ദിവസങ്ങള്‍ ഏറെ പ്രയാസകരമാണെന്നാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ അറിയിച്ചത്.

തനിക്ക് തന്റെ കുട്ടികളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും മുന്‍ താരം വ്യക്തമാക്കി. ഐസൊലേഷനില്‍ ആയതിനാല്‍ അവരെ കാണാനാകുന്നില്ലെന്നും എന്നാല്‍ അത് അവരുടെ കൂടി സുരക്ഷയ്ക്ക് വേണ്ടിയാണെന്നും താന്‍ മനസ്സിലാക്കുന്നുവെന്നും കോവിഡ് ബാധിച്ച ഓരോ വ്യക്തിയും ഇത്തരത്തില്‍ മാറി നിന്ന് പ്രവര്‍ത്തിക്കണമെന്നും താരം വ്യക്തമാക്കി.

Advertisement