ഷഹീന്‍ അഫ്രീദി കളിയിലെ താരം, പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി

ന്യൂസിലാണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള ഏകദിനങ്ങളിലെ ജയങ്ങളുടെ പരമ്പരയ്ക്ക് അവസാനം. 12 മത്സരങ്ങള്‍ തുടരെ ജയിച്ചെത്തിയ ന്യൂസിലാണ്ടിനെ ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ 6 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ഏകദിന റെക്കോര്‍ഡ് ശരിപ്പെടുത്തിയത്. 209/9 എന്ന നിലയില്‍ ന്യൂസിലാണ്ടിനെ പിടിച്ചുകെട്ടിയ ശേഷം 212/4 എന്ന സ്കോറിലേക്ക് 40.3 ഓവറില്‍ എത്തി പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനായി രണ്ടാം മത്സരത്തിലും റോസ് ടെയിലര്‍ ആണ് ടോപ് സ്കോറര്‍ ആയത്. 86 റണ്‍സാണ് താരം നേടിയത്. പുറത്താകാതെ നിന്ന റോസ് ടെയിലര്‍ ആണ് പതറിപ്പോയ ന്യൂസിലാണ്ട് ഇന്നിംഗ്സിനെ 200 കടത്തുവാന്‍ സഹായിച്ചത്. ഹെന്‍റി നിക്കോളസ്(33), ജോര്‍ജ്ജ് വര്‍ക്കര്‍(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. പാക്കിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി 4 വിക്കറ്റും ഹസന്‍ അലി രണ്ട് വിക്കറ്റ് നേടി.

ഫകര്‍ സമന്‍(88), ബാബര്‍ അസം(46) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ലക്ഷ്യം അനായാസമായി മറികടന്നത്. ഇമാം ഉള്‍ ഹക്ക് 16 റണ്‍സ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ മുഹമ്മദ് ഹഫീസ് 27 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍ 3 വിക്കറ്റ് നേടി.