സിംബാബ്‍വേയുടെ ലീഡ് നൂറ് കടന്നു, ഷോണ്‍ വില്യംസ് ശതകത്തിനെതിരെ

അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ സിംബാബ്‍വേ മികച്ച നിലയില്‍. അഫ്ഗാനിസ്ഥാനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ക്യാപ്റ്റന്‍ ഷോണ്‍ വില്യംസിന്റെ ബാറ്റിംഗ് മികവിലാണ് സിംബാബ്‍വേ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 237/8 എന്ന നിലയില്‍ എത്തിയിരിക്കുന്നത്.

133/5 എന്ന നിലയില്‍ ആണ് സിംബാബ്‍വേ രണ്ടാം ദിവസത്തെ ബാറ്റിംഗ് ആരംഭിച്ചത്. നാല് റണ്‍സ് കൂടി നേടുന്നതിനിടെ റയാന്‍ ബര്‍ളിന്റെ വിക്കറ്റ് ടീമിന് നഷ്ടമായെങ്കിലും റെഗിസ് ചകാബ്‍വയും ഷോണ്‍ വില്യംസും ചേര്‍ന്ന് ലീഡ് ഉയര്‍ത്തുവാന്‍ സിംബാബ്‍വേയെ സഹായിച്ചു.

106 റണ്‍സിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്. 97 റണ്‍സുമായി ഷോണ്‍ വില്യംസും 8 റണ്‍സ് നേടി ബ്ലെസ്സിംഗ് മുസറബാനിയുമാണ് ക്രീസിലുള്ളത്. 44 റണ്‍സ് നേടിയ റെഗിസ് ചകാബ്‍വ ആണ് സിംബാബ്‍വേ നായകന്‍ മികച്ച പിന്തുണ നല്‍കിയ മറ്റൊരു താരം.

ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് നേടിയിരുന്നു.