2017 ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഉപയോഗിച്ച ബാറ്റ് ലേലത്തിന് നല്‍കി സര്‍ഫ്രാസ് അഹമ്മദ്

2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ താന്‍ ഉപയോഗിച്ച ബാറ്റ് ലേലത്തിന് നല്‍കി സര്‍ഫ്രാസ് അഹമ്മദ്. മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ ഈ നടപടി കൊറോണ മൂലം ബുദ്ധിമുട്ടുന്ന കായിക താരങ്ങള്‍ക്കും ഗ്രൗണ്ട് സ്റ്റാഫിനെയും സഹായിക്കുവാനാണ്. ബാറ്റ് വിറ്റ് കിട്ടുന്ന ലേലത്തുക ഇവര്‍ക്കായി നല്‍കുമെന്ന് സര്‍ഫ്രാസ് അഹമ്മദ് വ്യക്തമാക്കി.

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ കീഴടക്കി സര്‍ഫ്രാസിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ ജേതാക്കളായിരുന്നു.

കറാച്ചി സ്പോര്‍ട്സ് ഫോറത്തിനാണ് സര്‍ഫ്രാസ് തന്റെ ബാറ്റ് നല്‍കിയത്. ഇത് ലേലത്തില്‍ വിറ്റ് കിട്ടുന്ന തുക റേഷന്‍ ബാഗുകളും മരുന്നുകളും വാങ്ങുവാന്‍ ഉപയോഗിക്കും. സര്‍ഫ്രാസിനൊപ്പം ഈ പ്രവൃത്തിയില്‍ പാക്കിസ്ഥാന്റെ സ്ക്വാഷ് താരം ജഹാംഗീര്‍ ഖാനും ഒളിമ്പ്യന്‍ ഇസ്ലാഹുദ്ദീന്‍ സിദ്ദിക്കിയും പങ്കെടുക്കുന്നുണ്ട്.

ജഹാംഗീര്‍ താന്‍ ബ്രിട്ടീഷ് ഓപ്പണ്‍ ഫൈനലില്‍ ഉപയോഗിച്ച റാക്കറ്റും ഇസ്ലാഹുദ്ദീന്‍ 1978 അര്‍ജ്ജന്റീന ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാന്‍ കളിച്ചപ്പോള്‍ താന്‍ ഉപയോഗിച്ച ഹോക്കി സ്റ്റിക്കുമാണ് ലേലത്തില്‍ നല്‍കുന്നത്.

Previous article“എത്രയും പെട്ടെന്ന് ഫുട്ബോൾ പുനരാരംഭിക്കട്ടെ” – നെയ്മർ
Next article“ലീഗുകൾ ഉപേക്ഷിക്കുന്നത് അപക്വമായ നടപടി” – യുവേഫ