തീപാറും ടോപ് ഓര്‍ഡര്‍ ബാറ്റിംഗ്, സഞ്ജു സാംസൺ 89, ഇന്ത്യ 255

ന്യൂസിലാണ്ടിനെതിരെ ടി20 ലോകകപ്പ് ഫൈനലില്‍ ഒരു ഘട്ടത്തിൽ 280ന് മേലെ സ്കോര്‍ നേടുമെന്ന് കരുതിയെങ്കിലും 15ാം ഓവറിന് ശേഷം താളംതെറ്റി ഇന്ത്യന്‍ ബാറ്റിംഗ്. സഞ്ജുവും ഇഷാനും സൂര്യകുമാര്‍ യാദവും ഒരേ ഓവറിൽ പുറത്തായപ്പോള്‍ അവസാന അഞ്ചോവറിൽ 52 റൺസാണ് ഇന്ത്യ നേടിയത്. ഇതിൽ തന്നെ 20ാം ഓവറിൽ ജെയിംസ് നീഷത്തെ രണ്ട് സിക്സിനും മൂന്ന് ഫോറിനും പറത്തി ശിവം ദുബേ ആണ് ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്.
5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നേടിയത്.
മാറ്റ് ഹെന്‍റി എറിഞ്ഞ ആദ്യ ഓവറിൽ കരുതലോടെയാണ് സഞ്ജു ബാറ്റ് വീശിയതെങ്കിലും അഞ്ചാം പന്തിൽ സിക്സ് നേടി താരം അക്കൗണ്ട് തുറന്നു. പിന്നീട് അഭിഷേക് ശര്‍മ്മ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുന്നതാണ് അഹമ്മദാബാദിൽ ഏവരും കണ്ടത്. 18 പന്തിൽ നിന്ന് അഭിഷേക് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ സഞ്ജു 33 റൺസുമായി കൂട്ടുനിന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യ 92 റൺസാണ് നേടിയത്.
എട്ടാം ഓവറിൽ അഭിഷേക് ശര്‍മ്മയെ പുറത്താക്കി രചിന്‍ രവീന്ദ്ര ന്യൂസിലാണ്ടിന് ആദ്യ ബ്രേക്ക്ത്രൂ നൽകി. 21 പന്തിൽ 52 റൺസ് നേടിയ അഭിഷേകിനെ നഷ്ടമാകുമ്പോള്‍ ഇന്ത്യ ആദ്യ വിക്കറ്റിൽ 98 റൺസാണ് നേടിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 127/1 എന്ന നിലയിലായിരുന്നു ഇന്ത്യ.
33 പന്തിൽ നിന്ന് സഞ്ജു സാംസൺ തന്റെ ഫിഫ്റ്റി നേടിയപ്പോള്‍ തുടരെ മൂന്നാം ഫിഫ്റ്റിയാണ് താരം നേടിയത്. ലോക്കി ഫെര്‍ഗൂസണേ ഒരോവറിൽ രണ്ട് സിക്സുകള്‍ക്ക് പായിച്ച് സഞ്ജുവും തന്റെ സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തിയപ്പോള്‍ ഇഷാന്‍ കിഷനും സിക്സുമായി ഓവറിലെ റൺ വേട്ട തുടര്‍ന്നു. സഞ്ജു സാംസൺ ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസണിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ 24 റൺസാണ് ഓവറിൽ നിന്ന് നേടിയത്.
പതിനാലാം ഓവറിൽ രചിന്‍ രവീന്ദ്രയെ ഹാട്രിക്ക് സിക്സുകള്‍ക്ക് സഞ്ജു പായിച്ചപ്പോള്‍ ഇന്ത്യ 191/1 എന്ന നിലയിലായിരുന്നു. മിച്ചൽ സാന്റനറിനെ 15ാം ഓവറിൽ സിക്സര്‍ പറത്തിയ ഇഷാന്‍ ഒരു സിംഗിള്‍ കൂടി നേടി തന്റെ അര്‍ദ്ധ ശതകം 23 പന്തിൽ നിന്ന് പൂര്‍ത്തിയാക്കി. അവസാന പന്തിൽ ഇഷാന്‍ ബൗണ്ടറി നേടിയപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 203 റൺസായിരുന്നു.
തൊട്ടടുത്ത പന്തിൽ ജെയിംസ് നീഷം സഞ്ജുവിനെ പുറത്താക്കിയപ്പോള്‍ താരം 46 പന്തിൽ നിന്ന് 89 റൺസാണ് നേടിയത്. 5 ഫോറും 8 സിക്സും അടക്കം സഞ്ജു ഈ സ്കോര്‍ നേടിയപ്പോള്‍ രണ്ടാം വിക്കറ്റിൽ 48 പന്തിൽ നിന്ന് 105 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. അതേ ഓവറിൽ ഇഷാന്‍ കിഷനെയും സൂര്യകുമാര്‍ യാദവിനെയും പുറത്താക്കി ജെയിംസ് നീഷം ഇന്ത്യയുടെ കുതിപ്പിന് തടയിട്ടു. ഇഷാന്‍ 25 പന്തിൽ 54 റൺസ് നേടിയപ്പോള്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായി. ഇന്ത്യ 203/1 എന്ന നിലയിൽ നിന്ന് 204/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.
17 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 211/4 എന്ന നിലയിലായിരുന്നു. സഞ്ജുവും ഇഷാനും പുറത്തായ ശേഷം റണ്ണനിരക്ക് കുറഞ്ഞപ്പോള്‍ 13 പന്തിൽ 18 റൺസ് നേടിയ ഹാര്‍ദ്ദിക്കിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അവസാന ഓവറിൽ ജെയിംസ് നീഷത്തിനെതിരെ 24 റൺസ് നേടിയ ശിവം ദുബേ ആണ് ഇന്ത്യയുടെ സ്കോര്‍ 250 കടത്തിയത്. ദുബേ 8 പന്തിൽ 26 റൺസ് നേടിയപ്പോള്‍ തിലക് വര്‍മ്മ 8 റൺസുമായി പുറത്താകാതെ നിന്നു.