മെല്‍ബേണില്‍ പുജാര ഓപ്പണറാവണം – സഞ്ജയ് മഞ്ജരേക്കര്‍

അഡിലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് തകര്‍ച്ച നേരിട്ടപ്പോള്‍ ഇരു ഇന്നിംഗ്സുകളിലും പരാജയപ്പെട്ടത് പൃഥ്വി ഷാ ആയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിംഗ്സില്‍ നാല് റണ്‍സും നേടിയാണ് താരം പുറത്തായത്. ശുഭ്മന്‍ ഗില്ലിനെ രണ്ടാം മത്സരത്തില്‍ ഓപ്പണറാക്കണമെന്ന നിര്‍ദ്ദേശം പല ഭാഗത്ത് നിന്നും ഉയരുമ്പോള്‍ ചേതേശ്വര്‍ പുജാരയെ ഓപ്പണറാക്കണം എന്നാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്.

ഗില്ലിനെ പോലെ പരിചയസമ്പത്ത് കുറഞ്ഞൊരു താരത്തെ നിര്‍ണ്ണായക മത്സരത്തില്‍ ഓപ്പണറുടെ റോളില്‍ പരീക്ഷിക്കുന്നതിലും ഭേദം പുജാരയെ ഓപ്പണറാക്കി ഇറക്കുന്നതെന്നാണ് സഞ്ജയുടെ അഭിപ്രായം.

ഓസ്ട്രേലിയയില്‍ ഓപ്പണിംഗിലെയും മൂന്നാം നമ്പറിലെയും സാഹചര്യത്തില്‍ ഏറെ വ്യത്യാസമൊന്നുമില്ലെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. ഹനുമ വിഹാരിയെ ഓപ്പണറായി പരീക്ഷിക്കാമെന്നും ലാകേഷ് രാഹുലിനെ രണ്ടാം മത്സരത്തില്‍ ഓപ്പണറാക്കണമെന്നുമെല്ലാം ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുകയാണ്.

ടെസ്റ്റില്‍ നാല് മത്സരങ്ങളില്‍ താരം ഓപ്പണറായി കളിച്ചിട്ടുണ്ട് എന്നതും പുജാരയുടെ ടെസ്റ്റിലെ റെക്കോര്‍ഡ് മികച്ചതാണെന്ന് സൂചിപ്പിക്കുന്നതാണ്. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു ശതകവും രണ്ട് അര്‍ദ്ധ ശതകവും സഹിതം 348 റണ്‍സാണ് താരം ഓപ്പണറായി ടെസ്റ്റില്‍ നിന്ന് നേടിയിട്ടുള്ളത്.