സമീര്‍ വര്‍മ്മയ്ക്കും സായി പ്രണീതിനും ജയം, മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കും വിജയം

സ്വിസ് ഓപ്പണ്‍ 2019ലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യന്‍ താരങ്ങള്‍. സായി പ്രണീതും സമീര്‍ വര്‍മ്മയുമാണ് തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ചത്. സായി പ്രണീതിനെതിരെ രാജീവ് ഔസേഫ് ആദ്യ സെറ്റിനിടെ പിന്മാറിയതാണ് താരത്തിനു തുണയായി. 11-5 എന്ന സ്കോറിനു പ്രണീത് ലീഡ് ചെയ്യുമ്പോളാണ് രാജീവ് മത്സരത്തില്‍ നിന്ന് പിന്മാറിയത്.

അതേ സമയം മറ്റൊരു ഇന്ത്യന്‍ താരത്തെ കീഴടക്കിയാണ് സമീര്‍ വര്‍മ്മയുടെ വിജയം. 21-18, 21-15 എന്ന സ്കോറിനു അജയ് ജയറാമിനെയാണ് സമീര്‍ കീഴടക്കിയത്.

വനിത ഡബിള്‍സ് ജോഡിയായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും തങ്ങളുടെ ആദ്യ റൗണ്ട് മത്സരം വിജയിച്ചു. 21-16, 21-17 എന്ന സ്കോറിനു റഷ്യയുടെ ടീമിനെതിരെയാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ ജയം.

പുരുഷ ഡബിള്‍സില്‍ അരുണ്‍ ജോര്‍ജ്ജ്-സന്യം ശുക്ല ജോഡിയും ആദ്യ റൗണ്ട് മത്സരം വിജയിച്ചു. 21-16, 21-9 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. പുരുഷ ഡബിള്‍സില്‍ മറ്റൊരു ടീമായ പ്രണവ് ജെറി ചോപ്ര-ചിരാഗ് ഷെട്ടി ടീം ആദ്യ റൗണ്ടില്‍ ഡെന്മാര്‍ക്ക് ടീമിനെതിരെ നേരിട്ടുള്ള ഗെയിമില്‍ വിജയം കുറിച്ചു. സ്കോര്‍: 21-16, 21-18.