സാം കറന്‍ സെല്‍ഫ് ഐസൊലേഷനില്‍

അസുഖ ബാധിതനായതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ തന്റെ ഹോട്ടല്‍ മുറിയില്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് മാറി. ഇംഗ്ലണ്ടിന്റെ ഇന്റര്‍-സ്ക്വാഡ് പരിശീലന മത്സരത്തില്‍ ഇനി സാം കറന്‍ പങ്കെടുക്കുകയില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു. ജോസ് ബട്‍ലറിന്റെ ടീമില്‍ അംഗമായിരുന്നു ഈ യുവ താരം.

മത്സരത്തിന്റെ ആദ്യ ദിവസം 15 റണ്‍സ് നേടി ക്രീസില്‍ നിന്ന് താരം പിന്നീട് അന്ന് രാത്രി തന്നെ അസുഖ ബാധിതനാകുകയായിരുന്നു. പിറ്റേ ദിവസം താരത്തിന്റെ സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും താരത്തിനെ മുഴുവന്‍ സമയ നിരീക്ഷണത്തിലിരുത്തുകയാണെന്നും താരത്തിന്റെ കോവിഡ് പരിശോധന നടത്തിയെന്നും ഇംഗ്ലണ്ട് അറിയിച്ചു.

ജൂലൈ എട്ടിനാണ് വിന്‍ഡീസുമായുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ്. ഇംഗ്ലണ്ട് താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും രണ്ട് തവണയാണ് കോവിഡ് പരിശോധനയ്ക്ക് ആഴ്ചയില്‍ വിധേയരാക്കുന്നത്.