റോയ്‍യുടെ പരിക്ക്, കരുതലായി സാം ബില്ലിംഗ്സ് ടീമില്‍

- Advertisement -

പരിക്കേറ്റ് അവസാന ഏകദിനത്തില്‍ കളിക്കുമോ എന്ന് നിശ്ചയമില്ലാത്ത ജേസണ്‍ റോയ്‍യ്ക്ക് കരുതലെന്ന നിലയില്‍ സാം ബില്ലിംഗ്സിനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. പരമ്പര 1-1 എന്ന നിലയില്‍ നില്‍ക്കവെ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ റോയ് ഇന്ന് കളിക്കുമോ എന്നതില്‍ തീര്‍ച്ചയില്ല. രണ്ടാം മത്സരത്തില്‍ സുരേഷ് റെയ്‍നയുടെ പന്ത് ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ റോയ്‍യുടെ കൈ വിരല്‍ മുറിയുകയായിരുന്നു. ഇന്ന് നടക്കുന്ന ഫിറ്റ്നെസ് ടെസ്റ്റിനു ശേഷം മാത്രമേ താരം പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനം ആവുകയുള്ളു.

റോയ്‍ ഫിറ്റല്ലെങ്കില്‍ ജെയിംസ് വിന്‍സിനു ഏകദിനം കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ എ യ്ക്കെതിരെ ചതുര്‍ദിന മത്സരം കളിക്കുവാന്‍ ദാവീദ് മലനെ ടീമില്‍ നിന്ന് റിലീസ് ചെയ്തപ്പോള്‍ പകരം ഉള്‍പ്പെടുത്തിയതാണ് ജെയിംസ് വിന്‍സ്. താരം രണ്ട് വര്‍ഷത്തോളമായി ഏകദിനം കളിച്ചിട്ട്. ഒക്ടോബര്‍ 2016ലാണ് ബംഗ്ലാദേശിനെതിരെ അവസാനമായി വിന്‍സ് ഏകദിനം കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement