ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ടെസ്റ്റ് റെക്കോർഡ് ഇംഗ്ലണ്ട് താരം ജോ റൂട്ട് മറികടക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലർ. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് ജോ റൂട്ട് മറികടക്കുകയെന്നും ടെയ്‌ലർ പറഞ്ഞു. കഴിഞ്ഞ ദിവസം ലോർഡ്‌സിൽ ന്യൂസിലാൻഡിനെതിരെ നടന്ന ടെസ്റ്റിൽ ജോ റൂട്ട് 10000 ടെസ്റ്റ് റൺസ് തികച്ചിരുന്നു. മത്സരത്തിൽ പുറത്താവാതെ 115 റൺസ് എടുത്താണ് ജോ റൂട്ട് ടെസ്റ്റിൽ 10000 റൺസ് തികച്ചത്.
200 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 15921 റൺസുള്ള സച്ചിൻ ടെണ്ടുൽക്കറാണ് നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം. ജോ റൂട്ടിന് ഒരു 5 വർഷം കൂടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിയുമെന്നും സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ ജോ റൂട്ടിന് കഴിയുമെന്നും മാർക്ക് ടെയ്‌ലർ പറഞ്ഞു.













