അഫ്ഗാനിസ്ഥാനെ വില കുറച്ച് കാണരുത്, ജയത്തോടെ തുടങ്ങാനായാല്‍ സന്തോഷം

Sports Correspondent

കളിയ്ക്കുന്നത് ടെസ്റ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനെതിരെയാണെങ്കിലും ബംഗ്ലാദേശ് കോച്ച് റസ്സല്‍ ഡൊമിംഗോ തന്റെ താരങ്ങളോട് പറയുന്നത് കാര്യം നിസ്സാരമല്ലെന്നാണ്. അഫ്ഗാനിസ്ഥാനാണ് എതിരാളികളെങ്കിലും അവരെ വില കുറച്ച് കാണരുതെന്ന് ബംഗ്ലാദേശിന്റെ പുതിയ കോച്ച് പറഞ്ഞു. ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ സ്പിന്‍ കരുത്തരായ അഫ്ഗാനിസ്ഥാന് അനുകൂലമായി തോന്നാമെന്നും അവര്‍ക്ക് നാട്ടില്‍ കളിയ്ക്കുന്ന സാഹചര്യമാണുണ്ടാകുകയെന്നത് മറക്കരുതെന്നും റസ്സല്‍ പറഞ്ഞു.

ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാണ്ട് എന്നിവിടങ്ങളില്‍ പോലെയല്ല ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ അഫ്ഗാനിസ്ഥാന് കൂടുതല്‍ അനുകൂലമായിരിക്കും. അതിനാല്‍ തന്നെ വിജയത്തിനായി അവര്‍ ശക്തമായി തന്നെ ശ്രമിക്കുമെന്നും ചില അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നേക്കാമെന്നും റസ്സല്‍ ഡൊമിംഗോ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാര്‍ അപകടകാരികളാണെന്നും അവര്‍ എത്രത്തോളം പ്രശ്നക്കാരാണെന്ന് പരിമിത ഓവര്‍ക്രിക്കറ്റില്‍ നമ്മള്‍ കണ്ടതാണ്. മുഹമ്മദ് നബിയും റഷീദ് ഖാനും മാച്ച് വിന്നര്‍മാരാണ്. അവര്‍ക്ക് വേണ്ട ബഹുമാനം നല്‍കേണ്ടതുണ്ടെന്നും ഡൊമിംഗോ അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തോടെ തന്റെ പുതിയ ദൗത്യം ആരംഭിക്കുമ്പോള്‍ അത് വിജയത്തോടെയാകാനാകുമെന്നാണ് ഡൊമിംഗോ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് തന്റെ താരങ്ങള്‍ക്ക് അറിയാമെന്നും റസ്സല്‍ കൂട്ടിചേര്‍ത്തു.