വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ ടീം തിരഞ്ഞെടുപ്പ് പാളിയെന്ന് തുറന്ന് സമ്മതിച്ച് ഇംഗ്ലണ്ട് നായകന്‍. ടീമിന്റെ ബാറ്റിംഗിനെ 381 റണ്‍സ് പരാജയത്തിനു കുറ്റപ്പെടുത്തിയ ജോ റൂട്ട് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പരമ്പരയില്‍ തിരിച്ചുവരുവാനുള്ള അവസരമുണ്ടെന്നും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞു. ഇന്ത്യയ്ക്കെതിരെയും ശ്രീലങ്കയ്ക്കെതിരെയും ആധികാരിക ജയത്തോടെ വിന്‍ഡീസിലെത്തിയ ഇംഗ്ലണ്ട് പരമ്പരയില്‍ മേല്‍ക്കൈ നേടുമെന്നാണ് കരുതിയതെങ്കിലും ആദ്യ ഇന്നിംഗ്സില്‍ 77 റണ്‍സിനു പുറത്താകുകയായിരുന്നു.
റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസിനോടാണ് മൂന്നാം റാങ്കിലുള്ള ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങിയത്. ബാറ്റിംഗ് രണ്ടിന്നിംഗ്സിലും പരാജയപ്പെട്ടപ്പോള്‍ 246 റണ്‍സിനു ഇംഗ്ലണ്ട് ഓള്‍ഔട്ട് ആവുകയായിരുന്നു. വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ 415/6 എന്ന വലിയ സ്കോറാണ് നേടിയത്. ആദ്യ ഇന്നിംഗ്സില്‍ മികച്ച രീതിയില്‍ വിന്‍ഡീസ് പന്തെറിഞ്ഞെന്ന് സമ്മതിച്ച ജോ റൂട്ട് എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ താരങ്ങള്‍ മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ചതാണ് തിരിച്ചടിയായതെന്ന് പറഞ്ഞു. പിച്ചില്‍ നിന്ന് അധികം പിന്തുണയൊന്നും ബൗളര്‍മാര്‍ക്കില്ലായിരുന്നുവെന്നും ജോ റൂട്ട് പറഞ്ഞു. മത്സരത്തിന്റെ മൂന്നാം ദിവസം ഒരു വിക്കറ്റ് പോലും വീണിരുന്നില്ല. എന്നാല്‍ നാലാം ദിവസം ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകളും വീഴുകയായിരുന്നു.
സ്റ്റുവര്‍ട് ബ്രോഡിനെ എടുക്കാതിരുന്നതും രണ്ട് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതും തെറ്റായെന്നും ജോ റൂട്ട് പറഞ്ഞു. സന്നാഹ മത്സരത്തില്‍ ഹാട്രിക്ക് ഉള്‍പ്പെടെ മികച്ച ഫോമില്‍ പന്തെറിഞ്ഞുവെങ്കിലും ബ്രോഡിനു പകരം സാം കറനെയാണ് ഇംഗ്ലണ്ട് ടീമിലെത്തിച്ചത്. തോല്‍വിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും ജോ റൂട്ട് പറഞ്ഞു.