രോഹിത്തും ശിഖറും തിളങ്ങി, അവസാന ഓവറില്‍ 21 റണ്‍സ് നേടി കേധാറും ധോണിയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിനെതിരെ ബേ ഓവലില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 324 റണ്‍സ് നേടുകയായിരുന്നു.  ഇന്ന് മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് 154 റണ്‍സാണ് നേടിയത്. 66 റണ്‍സ് നേടിയ ശിഖര്‍ ധവാനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ട്രെന്റ ബോള്‍ട്ടിനായിരുന്നു വിക്കറ്റ്.

ഏറെ വൈകാതെ രോഹിത് ശര്‍മ്മയെയും ഇന്ത്യയ്ക്ക് നഷ്ടമായി. പുറത്താകുമ്പോള്‍ 87 റണ്‍സായിരുന്നു രോഹിത് നേടിയത്. ലോക്കി ഫെര്‍ഗൂസണായിരുന്നു വിക്കറ്റ്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് 64 റണ്‍സ് കൂട്ടി ചേര്‍ത്തുവെങ്കിലും ബോള്‍ട്ട് വിരാടിനെ(43) പവലിയനിലേക്ക് മടക്കി.

ധോണിയ്ക്കൊപ്പം നാലാം വിക്കറ്റില്‍ 35 റണ്‍സ് നേടി തന്റെ വ്യക്തിഗത സ്കോര്‍ 47ല്‍ നില്‍ക്കെ ലോക്കി ഫെര്‍ഗൂസണ്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി അമ്പാട്ടി റായിഡുവും മടങ്ങിയപ്പോള്‍ ഇന്ത്യയെ 300 കടത്തുക എന്ന ലക്ഷ്യം ധോണിയിലേക്ക് വന്ന് ചേരുകയായിരുന്നു. കേധാര്‍ ജാഥവിനൊപ്പം ഇന്ത്യയുടെ സ്കോര്‍ 300 കടത്തുവാന്‍ ധോണിയ്ക്ക് സാധിച്ചു.

ഇന്നിംഗ്സിന്റെ അവസാന ഓവറില്‍ ലോക്കി ഫെര്‍ഗൂസണെ മൂന്ന് ബൗണ്ടറിയും ഒരു സിക്സും സഹിതം 21 റണ്‍സ് നേടി കേധാര്‍ ജാഥവും എംഎസ് ധോണിയും ചേര്‍ന്ന് ഇന്ത്യയെ 324 എന്ന മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 26 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയാണ് അഞ്ചാം വിക്കറ്റില്‍ ധോണി കേധാര്‍ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

ധോണി 33 പന്തില്‍ നിന്ന് 48 റണ്‍സും കേധാര്‍ ജാഥവ് 10 പന്തില്‍ നിന്ന് 22 റണ്‍സും നേടിയാണ് അപരാജിത കൂട്ടുകെട്ടിനെ മുന്നോട്ട് കൊണ്ടുപോയത്. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണും ട്രെന്റ് ബോള്‍ട്ടും രണ്ട് വീതം വിക്കറ്റ് നേടി.