ചില സമയത്ത് ഔട്ടാകും ചില സമയത്ത് അത് സിക്സ് പോകും, തന്റെ പുറത്താകലിനെക്കുറിച്ച് രോഹിത് ശര്‍മ്മ

Rohitsharma

ഇന്ന് ബ്രിസ്ബെയിനില്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായ ശേഷം രോഹിത് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് നഥാന്‍ ലയണിനെ കടന്നാക്രമിക്കുവാന്‍ ശ്രമിച്ച താരം മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി പുറത്തായത്.

താരത്തില്‍ നിന്നുണ്ടായ ഉത്തരവാദിത്വമില്ലാത്ത ഷോട്ടിനെതിരെ സുനില്‍ ഗവാസ്കറിനെ പോലെയുള്ള മുന്‍ താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അത് വരെ ഓസ്ട്രേലിയന്‍ ബൗളിംഗിനെ അനായാസം നേരിട്ട ഇന്ത്യന്‍ ഉപനായകന് അവിടെ പിഴച്ചപ്പോള്‍ ഇന്ത്യയുടെ മികച്ച അവസരമാണ് ടെസ്റ്റില്‍ നഷ്ടമായത്.

ബൗളിംഗിനെതിരെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് താന്‍ ആ ഷോട്ട് കളിച്ചതെന്നും ഔട്ട് ആയതില്‍ വിഷമമുണ്ടെങ്കിലും ഇത്തരം ഷോട്ടുകള്‍ താന്‍ ഇനിയും കളിക്കുക തന്നെ ചെയ്യുമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.

ചില അവസരങ്ങളില്‍ അവ കളിച്ച് നമ്മള്‍ ഔട്ട് ആകും ചിലപ്പോള്‍ അത് സിക്സര്‍ ആയി മാറുമെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഇത്തരത്തില്‍ പുറത്തായതില്‍ വിഷമമുണ്ടെന്നത് സത്യമാണെന്നും എന്നാല്‍ അത് തന്നെ ഇനിയും ഇത്തരം ഷോട്ടുകള്‍ കളിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കില്ലെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

Previous articleലീഡ്സിന് വീഴ്ത്തി പോട്ടറിന്റെ ബ്രൈറ്റൺ
Next articleഅവസാനം ചെൽസി പ്രീമിയർ ലീഗിൽ വിജയ വഴിയിൽ