റിഷഭ് പന്തിനെ വിമർശിക്കേണ്ട കാര്യമില്ലെന്ന് രോഹിത് ശർമ്മ

- Advertisement -

ഡി.ആർ.എസ് വിഷയത്തിൽ ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ വിമർശിക്കേണ്ട കാര്യമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബംഗ്ളദേശിനെതിരായ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് തോറ്റതിന് പിന്നാലെയാണ് വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെതിരെ വിമർശനവുമായി ആരധകർ രംഗത്തെത്തിയത്.

മത്സരത്തിൽ മൂന്ന് തവണ ഡി.ആർ.എസ് വിളിക്കുന്നതിൽ റിഷഭ് പന്തും ഇന്ത്യയും പരാജയപ്പെട്ടിരുന്നു. മുഷ്‌ഫിഖുർ റഹീം 6 റൺസിൽ നിൽക്കെ ചാഹലിന്റെ ഓവറിൽ എൽ.ബി.ഡബ്ലിയു അമ്പയർ നിരസിച്ച സമയത്ത് ഇന്ത്യ ഡി.ആർ.എസ് ഉപയോഗിച്ചിരുന്നില്ല. മത്സരത്തിൽ പുറത്താവാതെ 60 റൺസ് എടുത്ത മുഷ്‌ഫിഖുർ റഹീം ബംഗ്ളദേശിന് ഇന്ത്യക്കെതിരെ ആദ്യ ടി20 ജയം നേടി കൊടുത്തിരുന്നു. മത്സരത്തിൽ തുടർന്ന് സൗമ്യ സർക്കാരിനെതിരെ അനാവശ്യമായി ഡി.ആർ.എസ് വിളിച്ച് ഇന്ത്യ ഡി.ആർ.എസ് നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതോടെയാണ് റിഷഭ് പന്തിനെതിരെ ആരാധകർ തിരിഞ്ഞത്. എന്നാൽ റിഷഭ് പന്ത് ഇപ്പൊ യുവ താരമാണെന്നും ഡി.ആർ.എസ് സംവിധാനം വ്യക്തമായി മനസ്സിലാക്കാൻ കുറച്ചുകൂടെ സമയം വേണ്ടി വരുമെന്നും രോഹിത് പറഞ്ഞു. താരത്തിന് ഡി.ആർ.എസ്. സംവിധാനം ഉപയോഗപ്പെടുത്താൻ കഴിയില്ലെന്ന് ഈ അവസരത്തിൽ പറയുന്നത് ശരിയല്ലെന്നും രോഹിത് പറഞ്ഞു. ഡി.ആർ.എസ് തീരുമാനങ്ങൾ ക്യാപ്റ്റന്റെയും ബൗളറുടെയും വിക്കറ്റ് കീപ്പറുടെയും അഭിപ്രായങ്ങൾക്ക് അനുസരിച്ചാണ് വിളിക്കുന്നതെന്നും രോഹിത് ശർമ്മ പറഞ്ഞു.

Advertisement