ലോകകപ്പിനു ഓസ്ട്രേലിയന്‍ സംഘത്തിനൊപ്പം പോണ്ടിംഗും, റോള്‍ ഉപ പരിശീലകന്റേത്

- Advertisement -

ഐസിസി ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് റിക്കി പോണ്ടിംഗിന്റെയും സേവനം. ടീമിന്റെ ഉപ പരിശീലകനെന്ന നിലയില്‍ റിക്കി പോണ്ടിംഗ് ജസ്റ്റിന്‍ ലാംഗറിന്റെ കോച്ചിംഗ് ടീമിലേക്ക് എത്തും. ബാറ്റിംഗ് കോച്ചിന്റെ ദൗത്യമാവും ടീമില്‍ പോണ്ടിംഗിനു. ടീമിന്റെ സ്ഥിരം ബാറ്റിംഗ് കോച്ച് ഗ്രെയിം ഹിക്ക് ലോകകപ്പ് കഴിഞ്ഞയുടനുള്ള ആഷസിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരിക്കും എന്നതിനാലാണ് പോണ്ടിംഗിനെ പുതിയ ചുമതല ഏല്പിക്കുന്നത്.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ ബൗളിംഗ് കോച്ചെന്ന് നിലയില്‍ നിന്ന് ഡേവിഡ് സാക്കര്‍ രാജിവെച്ചിരുന്നു. മേയ് മാസം ആദ്യത്തില്‍ പ്രാരംഭ ക്യാംപ് ഓസ്ട്രേലിയ ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായ പോണ്ടിംഗും ക്യാമ്പില്‍ എത്തുമെന്നാണ് അറിയുന്നത്.

പുതിയ ദൗത്യത്തില്‍ ഏറെ സന്തോഷമുണ്ടെന്നാണ് പോണ്ടിംഗ് അഭിപ്രായപ്പെട്ടത്. മുമ്പ് ഓസ്ട്രേലിയന്‍ ടീമുമായി പരിശീലകനെന്ന നിലയില്‍ സഹകരിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്ന നിമിഷങ്ങളാണെന്നും ലോകകപ്പെന്നത് ഏറെ പ്രാധാന്യമുള്ള ടൂര്‍ണ്ണമെന്റാണെന്നിരിക്കെ കൂടുതല്‍ പ്രാധാന്യമുള്ള ദൗത്യമാണ് പുതിയതെന്നും പോണ്ടിംഗ് പറഞ്ഞു.

Advertisement