സന്നാഹ മത്സരങ്ങള്‍ കളിക്കാതിരുന്ന ഓസ്ട്രേലിയന്‍ തീരുമാനം ശരിയായത് – ജോണ്ടി റോഡ്സ്

Sports Correspondent

Jontyrhodes

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി സന്നാഹ മത്സരങ്ങള്‍ കളിക്കാതിരുന്ന ഓസ്ട്രേലിയയുടെ തീരുമാനം ശരിയായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ജോണ്ടി റോഡ്സ്. സ്റ്റീവ് സ്മിത്തും, ആന്‍ഡ്രൂ മക്ഡൊണാള്‍ഡും എല്ലാം ഇന്ത്യയിൽ സന്നാഹ മത്സരങ്ങള്‍ക്ക് പ്രസക്തിയില്ല എന്ന അഭിപ്രായം മുമ്പ് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ജോണ്ടി റോഡ്സ് അത് ശരിവയ്ക്കുന്ന അഭിപ്രായം ആണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

സന്നാഹ മത്സരങ്ങളിലെ പിച്ചുകളും ഔദ്യോഗിക മത്സരങ്ങളിലെ പിച്ചുകളും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകുമെന്ന് ഉസ്മാന്‍ ഖവാജ പറ‍ഞ്ഞതിനെ മുന്‍ ഓസ്ട്രേലിയന്‍ താരം ഇയാന്‍ ഹീലിയും അനുകൂലിച്ചിരുന്നു.

ഇതേ അഭിപ്രായത്തോടാണ് റോഡ്സും യോജിക്കുന്നത്. സന്നാഹ മത്സരങ്ങളിലെ പിച്ചിനെ അപേക്ഷിച്ച പ്രധാന പിച്ചുകളിൽ ഒട്ടേറെ ഫുട്മാര്‍ക്കുകള്‍ ഉണ്ടാകുമെന്നും പരിശീലനത്തിനായി പ്രധാന പിച്ചുകള്‍ ഉപയോഗിക്കുന്നതിനാലാണ് ഇതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേ സമയം സന്നാഹ മത്സരങ്ങളിൽ ഗ്രീനര്‍ പിച്ചുകളാവും ഓസ്ട്രേലിയയ്ക്ക് ലഭിയ്ക്കക എന്നും അതിനാൽ അവര്‍ക്ക് യാതൊരു ഗുണവും ഉണ്ടാകില്ലെന്നും റോഡ്സ് സൂചിപ്പിച്ചു.