സൗരാഷ്ട്രയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ചു, ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക്

Restofindia

ഇറാനി കപ്പ് കിരീടം നേടി റെസ്റ്റ് ഓഫ് ഇന്ത്യ. സൗരാഷ്ട്ര വാലറ്റത്തിന്റെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിജയം. സൗരാഷ്ട്രയുടെ രണ്ടാം ഇന്നിംഗ്സ് 380 റൺസിൽ അവസാനിച്ചപ്പോള്‍ 101 റൺസായിരുന്നു വിജയത്തിനായി റെസ്റ്റ് ഓഫ് ഇന്ത്യ നേടേണ്ടിയിരുന്നത്.

ഇന്ന് അവശേഷിക്കുന്ന സൗരാഷ്ട്രയുടെ വിക്കറ്റുകള്‍ കുൽദീപ് സെന്‍ നേടിയപ്പോള്‍ താരം 5 വിക്കറ്റുകള്‍ സ്വന്തമാക്കി. അവസാന വിക്കറ്റായി വീണ ഉനഡ്കട് 89 റൺസാണ് നേടിയത്.

പ്രിയങ്ക് പഞ്ചലിനെയും യഷ് ധുല്ലിനെയും വേഗത്തിൽ നഷ്ടമായെങ്കിലും അഭിമന്യു ഈശ്വരന്‍ 63 റൺസുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പിച്ചു. ശ്രീകര്‍ ഭരത് 27 റൺസും നേടി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനഡ്കട് രണ്ട് വിക്കറ്റ് നേടി.