ടെസ്റ്റില്‍ റിസര്‍വ് ദിവസങ്ങള്‍ ഉചിതമല്ല – വഖാര്‍ യൂനിസ്

സൗത്താംപ്ടണില്‍ അഞ്ച് ദിവസങ്ങളിലായി എറിയാനായത് വെറും 134.3 ഓവറുകളാണ്. മഴയുടെ കാഠിന്യം മൂലം മത്സരത്തില്‍ നിരാശാജനകമായ സമനിലയിലേക്ക് ടീമുകള്‍ കൈ കൊടുത്ത് പിരിയുന്ന കാഴ്ചയാണ് കണ്ടത്. കാലാവസ്ഥയ്ക്കെതിരെ ഒന്നും കളിക്കാര്‍ക്ക് ചെയ്യാനാകില്ലെങ്കിലും റിസര്‍വ് തീയ്യതികള്‍ ടെസ്റ്റില്‍ ആവശ്യമില്ലെന്ന് പറഞ്ഞ് വഖാര്‍ യൂനിസ്.

അഞ്ച് ദിവസം തന്നെ ടെസ്റ്റില്‍ പിച്ചിനെ വല്ലാതെ ബാധിക്കുമെന്നും ഒരു അധിക ദിവസം കൂടി നല്ല നിലയില്‍ പിച്ച് തുടരുക പ്രയാസകരമാണെന്ന് വഖാര്‍ പറഞ്ഞു. ഇത്തരത്തില്‍ മൂന്ന് ദിവസത്തോളം കളി നഷ്ടമാകുന്ന സാഹചര്യമാണെങ്കില്‍ റിസര്‍വ് തീയ്യതിയുണ്ടായിട്ടും വലിയ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ തന്നെ അധികാരികള്‍ ടെസ്റ്റ് ക്രിക്കറ്റിനെ നാല് ദിവസമാക്കി കുറയ്ക്കുന്നതിനെപ്പറ്റി ആലോചിച്ച് വരികയാണെന്നും അപ്പോള്‍ ആറ് ദിവസം എന്നത് പ്രായോഗികമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും വഖാര്‍ യൂനിസ് അഭിപ്രായപ്പെട്ടു.