ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും സ്വയം ഒഴിവായി ഹാഷിം അംല

അവസാന രണ്ട് ഏകദിനങ്ങള്‍ക്കായുള്ള ദക്ഷിണാഫ്രിക്കയുടെ ടീമിലേക്ക് സീനിയര്‍ താരം ഹാഷിം അംല മടങ്ങിയെത്തിയെങ്കിലും മത്സരങ്ങളില്‍ പങ്കെടുക്കാനാകാതെ താരത്തിന്റെ മടക്കം. തന്റെ പിതാവിന്റെ അസുഖം കാരണമാണ് താരം ടീമില്‍ നിന്ന് സ്വയം പിന്മാറിയത്. പകരം ടീമില്‍ നിന്ന് ആദ്യം ഒഴിവാക്കപ്പെട്ട റീസ ഹെന്‍ഡ്രിക്സ് ടീമിലേക്ക് തിരിച്ചു വിളിക്കപ്പെടുകയായിരുന്നു. പരമ്പര നേരത്തെ തന്നെ ദക്ഷിണാഫ്രിക്ക ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ചതിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.

ഹാഷിം അംലയുടെ പിതാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ താരത്തിനു ടീമില്‍ നിന്ന് വിടുതല്‍ നല്‍കുകയായിരുന്നുവെന്നാണ് ടീമിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും താരത്തിനും കുടുംബത്തിനുമൊപ്പമുണ്ടെന്ന് ദക്ഷിണാഫ്രിക്കയുടെ ടീം മാനേജര്‍ മുഹമ്മദ് മൂജാജി പറഞ്ഞു.

ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 34 റണ്‍സ് മാത്രം നേടിയ റീസ ഹെന്‍ഡ്രിക്സ് മോശം ഫോം മൂലം ഒഴിവാക്കപ്പെട്ടതാണെങ്കിലും ഹാഷിം അംലയുടെ പരിക്ക് താരത്തിനു ഗുണകരമായി മാറി.