ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. വിരാട് കോലിയുടെയും ജേക്കബ് ബെഥേലിൻ്റെയും തകർപ്പൻ ബാറ്റിംഗും റൊമാരിയോ ഷെപ്പേർഡിൻ്റെ അവസാന ഓവറുകളിലെ വെടിക്കെട്ടുമാണ് ആർസിബിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

മികച്ച ഫോം തുടർന്ന കോലി 33 പന്തിൽ 5 ഫോറുകളും 5 സിക്സറുകളുമായി 62 റൺസ് നേടി. യുവതാരം ജേക്കബ് ബെഥേൽ 33 പന്തിൽ 55 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത് ആർസിബിക്ക് മികച്ച തുടക്കം നൽകി.
മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി സിഎസ്കെ മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും, അവസാന ഓവറുകളിൽ റൊമാരിയോ ഷെപ്പേർഡ് വെറും 14 പന്തിൽ പുറത്താകാതെ 53 റൺസ് നേടിയതോടെ കളി വീണ്ടും മാറിമറിഞ്ഞു. 4 ബൗണ്ടറികളും 6 കൂറ്റൻ സിക്സറുകളും ഉൾപ്പെടെ സിഎസ്കെ ബൗളർമാരെ അദ്ദേഹം നിഷ്കരുണം ശിക്ഷിച്ചു.
ചെന്നൈ ബൗളർമാരിൽ മതീഷ പതിരാന 36 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, നൂർ അഹമ്മദ് 26 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. ഖലീൽ അഹമ്മദിന് ഇത് മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു. അദ്ദേഹം മൂന്ന് ഓവറിൽ 65 റൺസ് വഴങ്ങി.