ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ഉജ്ജ്വലമാക്കി ബംഗ്ലാദേശിന്റെ അബ്ദുര്‍ റസാഖ്. സ്പിന്നിനു ആനുകൂല്യമുള്ള പിച്ചില്‍ ഇരുവശത്ത് നിന്നും സ്പിന്‍ ആക്രമണത്തോടെയാണ് ബംഗ്ലാദേശ് ശ്രീലങ്കയെ നേരിട്ടത്. മെഹ്ദി ഹസനും നാല് വര്‍ഷത്തിനു ശേഷം ആദ്യ ടെസ്റ്റ് കളിക്കുന്ന അബ്ദുര്‍ റസാഖുമാണ് ബംഗ്ലാദേശിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്തതത്. ദിമുത് കരുണാരത്നയെ ലിറ്റണ്‍ ദാസ് സ്റ്റംപ് ചെയ്തപ്പോള്‍ തന്റെ ടെസ്റ്റിലെ മടങ്ങി വരവ് റസാഖ് ആഘോഷമാക്കി.
19 റണ്‍സ് നേടിയ ധനന്‍ജയ ഡിസില്‍വയെ തൈജുല്‍ ഇസ്ലാം പുറത്താക്കിയപ്പോള്‍ കുശല്‍ മെന്‍ഡിസ് അടക്കം മൂന്ന് വിക്കറ്റ് പിന്നീട് റസാഖിനു സ്വന്തമായിരുന്നു. 28ാം ഓവറില്‍ തുടരെയുള്ള പന്തുകളില്‍ ധനുഷ്ക ഗുണതിലകയെയും ദിനേശ് ചന്ദിമലിനെയും പുറത്താക്കിയ റസാഖ് 68 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസിന്റെ ചെറുത്ത് നില്പും അവസാനിപ്പിച്ചു.
പൊരുതി നേടിയ അര്‍ദ്ധ ശതകവുമായി രോഷെന്‍ സില്‍വയാണ് ശ്രീലങ്കയുടെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ദില്‍രുവന്‍ പെരേര(31), അകില ധനന്‍ജയ(20) എന്നിവരും നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്തു. 56 റണ്‍സ് നേടിയ രോഷന്‍ സില്‍വ പുറത്തായപ്പോള്‍ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് 222 റണ്‍സില്‍ അവസാനിച്ചു.
റസാഖിനു പുറമേ തൈജുല്‍ ഇസ്ലാമും നാല് വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുര്‍ റഹ്മാന് രണ്ട് വിക്കറ്റുമാണ് ബംഗ്ലാദേശിനായി നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial