റായിഡു ഹൈദ്രാബാദിന് വേണ്ടി കളിക്കുവാന്‍ തയ്യാറെന്ന് കത്തെഴുതി

ലോകകപ്പിനിടെ വിരമിച്ച അമ്പാട്ടി റായിഡു തന്റെ തീരുമാനം മാറ്റി വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. നേരത്തെ ഐപിഎല്‍ കളിക്കുമെന്നും അതിലൂടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലും സജീവമാകുവാനാണ് ശ്രമമെന്ന് പറഞ്ഞ റായിഡു ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന് താന്‍ സെലക്ഷന് ലഭ്യമാണെന്ന് അറിയിച്ച് കത്തെഴുതുകയായിരന്നു. താന്‍ ക്രിക്കറ്റിലെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് താന് പിന്മാറുകയാണെന്നും എല്ലാ ഫോര്‍മാറ്റിലും തനിക്ക് തിരികെ വരണമെന്നുമാണ് റായിഡു കത്തില്‍ പരാമര്‍ശിക്കുന്നത്.

ചില സീനിയര്‍ താരങ്ങള്‍ താരത്തോട് സംസാരിച്ചാണ് ഈ തീരുമാനത്തിലേക്ക് താരം എത്തിയതെന്നാണ് അറിയുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ്, വിവിഎസ് ലക്ഷ്മണ്‍, നോയല്‍ ഡേവിഡ് എന്നിവര്‍ക്ക് തന്റെ മോശം സമയത്ത് ഒപ്പം നിന്നതിനും തന്നില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് മനസ്സിലാക്കിത്തന്നതിനും താരം നന്ദി അറിയിച്ചിട്ടുണ്ട്. തന്റെ വിരമിക്കല്‍ തീരുമാനം ആ നിമിഷത്തെ എടുത്ത് ചാട്ടമാണെന്നും സെപ്റ്റംര്‍ 10 മുതല്‍ ഹൈദ്രാബാദ് ടീമിനൊപ്പം ചേരുവാന്‍ താന്‍ തയ്യാറാണെന്നും റായിഡു കത്തില്‍ വ്യക്തമാക്കി.