ജമ്മു കാശ്മീര്‍ താരവും ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ അംഗവുമായ റാസിക് സലാമിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കി ബിസിസിഐ. ബോര്‍ഡിനു തെറ്റായ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെത്തുടര്‍ന്നാണ് താരത്തിനെതിരെ നടപടി. ഇതോടെ ഇംഗ്ലണ്ടിലേക്ക് ത്രിരാഷ്ട്ര പരമ്പര കളിയ്ക്കുവാനുള്ള ടീമില്‍ നിന്ന് താരത്തെ പിന്‍വലിക്കുകയായിരുന്നു. പകരം പ്രഭാത് മൗര്യയെ ഉള്‍പ്പെടുത്തി.
2019 ഐപിഎലില്‍ മുംബൈയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ താരമായിരുന്നു റാസിക്. പര്‍വേസ് റസൂലിനും മന്‍സൂര്‍ ദാറിനും ശേഷം ജമ്മു കാശ്മീരില്‍ നിന്ന് ഐപിഎല്‍ കരാര്‍ നേടുന്ന താരമായിരുന്നു റാസിക്. ഇതില്‍ തന്നെ അന്തിമ ഇലവനിലേക്ക് അവസരം ലഭിച്ചതില്‍ രണ്ടാമത്തെ താരവും. മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് താരത്തെ സ്വന്തമാക്കിയത്.
ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസ്സിയേഷനോട് ജമ്മു കാശ്മീരിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ സംസ്ഥാന ബോര്‍ഡാണ് തങ്ങളുടെ കൈവശമുള്ള രേഖയുമായി ബോര്‍ഡിനു നല്‍കിയ രേഖകള്‍ ഒത്തുചേരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ സംസ്ഥാന്‍ അസോസ്സിയേഷനും ബിസിസിഐയും താരത്തിനു വിലക്ക് ഏര്‍പ്പെടുത്തി.