നെയ്മറിന്റെ അപ്പീൽ തള്ളി, ചാമ്പ്യൻസ് ലീഗിലെ വിലക്ക് നിലനിൽക്കും

മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് തന്നെ വിലക്കിയ യുവേഫയുടെ നടപടി പുനർ പരിശോധിക്കണം എന്ന നെയ്മറിന്റെ ആവശ്യം യുവേഫ തള്ളി. ഇതോടെ അടുത്ത സീസണിൽ താരം 3 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരും എന്നുറപ്പായി.

റഫറിമാരെ അധിക്ഷേപിച്ചതിനാണ് യുവേഫ നെയ്മറിനെതിരെ നടപടി എടുത്തത്. മാർച്ചിൽ ചാമ്പ്യൻസ് ലീഗ് റൌണ്ട് 16 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാന മിനുട്ടിൽ പെനാൽറ്റി അനുവധിച്ചതിന് എതിരെയാണ് നെയ്മർ സോഷ്യൽ മീഡിയയിൽ മോശം പ്രതികരണം നടത്തിയത്. സംഭവം വലിയ വാർത്തയായതോടെ യുവേഫയുടെ അച്ചടക്ക നടപടി താരത്തെ തേടിയെത്തി. മത്സരത്തിൽ 3-1 ന് തോറ്റ നെയ്മറിന്റെ ടീം പുറത്തായിരുന്നു.

ഫുട്‌ബോളിനെ കുറിച്ച് ഒന്നും അറിയാത്തവരെ VAR നോക്കാൻ ഏൽപിച്ചു എന്നാണ് നെയ്മർ മത്സര ശേഷം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതിയത്. ബാഴ്സയിലേക്ക് നെയ്മർ മാറാൻ ശ്രമിക്കുന്നു എന്ന വാർത്തകൾക്ക് ഇടയിലാണ് താരത്തിന്റെ വിലക്ക് നിലനിൽക്കും എന്ന വാർത്തയും വന്നത്. ടീം ഏതായാലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നെയ്‌മറിന്റെ കളി കാണാൻ ആരാധകർക്ക് മൂന്ന് റൌണ്ട് കാത്തിരിക്കേണ്ടി വരും.