ഈ വർഷത്തെ രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരങ്ങൾക്കുള്ള ലൈനപ്പായി. സൗരാഷ്ട്ര, ബംഗാൾ, കർണാടക, ഗുജറാത്ത് ടീമുകളാണ് സെമി ഫൈനൽ ഉറപ്പിച്ചത്.
ജമ്മു കാശ്മീരിനെ 167 റൺസിന് തോൽപ്പിച്ചാണ് കർണാടക രഞ്ജി ട്രോഫി ഫൈനൽ ഉറപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ ജമ്മു കാശ്മീരിന് 331 റൺസിന്റെ വിജയ ലക്ഷ്യം നൽകിയ കർണാടക ജമ്മു കാശ്മീരിനെ 163 ഓൾ ഔട്ട് ആക്കി സെമി ഉറപ്പിക്കുകയായിരുന്നു. ആന്ധ്ര പ്രദേശിനെ ആദ്യ ഇന്നിങ്സിൽ നേടിയ ലീഡിന്റെ അടിസ്ഥാനത്തിളാണ് സൗരാഷ്ട്ര സെമി ഉറപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ സൗരാഷ്ട്ര ഉയർത്തിയ 419ന് മറുപടിയായി വെറും 136 റൺസ് മാത്രമാണ് ആന്ധ്ര പ്രദേശ് ആദ്യ ഇന്നിങ്സിൽ നേടിയത്.
ഏകപക്ഷീയമായ മത്സരത്തിൽ ഗോവയെ 464 റൺസിന് തോൽപ്പിച്ചാണ് ഗുജറാത്ത് സെമി ഉറപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ ഗുജറാത്ത് ഉയർത്തിയ 602 റൺസിന് മറുപടിയായി ഗോവ 173 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സിൽ 199 റൺസ് എടുത്ത് ഡിക്ലയർ ചെയ്ത ഗുജറാത്ത് ഗോവയെ രണ്ടാം ഇന്നിങ്സിൽ 164 ഓൾ ഔട്ട് ആക്കുകയായിരുന്നു. ഒഡിഷയെ ആദ്യ ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ മറികടന്നാണ് ബംഗാൾ സെമി ഉറപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ 332 നേടിയ ബംഗാളിന് മറുപടിയായി 250 റൺസ് എടുക്കാനെ ഒഡിഷക്കായുള്ളു.