രഞ്ജി മത്സരങ്ങളും മറ്റ് ആഭ്യന്തര മത്സരങ്ങള്‍ നടത്തുന്നതിലും ബുദ്ധിമുട്ടുണ്ടാകും

Sports Correspondent

ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറയായ ആഭ്യന്തര ക്രിക്കറ്റിനെയും ഇപ്പോളത്തെ പ്രതിസന്ധി സാരമായി ബാധിക്കുമെന്ന് പറഞ്ഞ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി. ഇന്ത്യയില്‍ ആറ് മാസത്തിനിടെ ബിസിസിഐ സാധാരണ 2000 മത്സരങ്ങളാണ് ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം നടത്തുന്നത്. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം എങ്ങനെ നടത്തുമെന്നത് ശ്രമകരമായ കാര്യമാണെന്നും ജോഹ്രി പറഞ്ഞു.

ഇന്ത്യയില്‍ രഞ്ജിയില്‍ ഹോം എവേ രീതിയിലുള്ള മത്സരങ്ങള്‍ കളിക്കുമ്പോള്‍ തന്നെ ടീമുകള്‍ യാത്ര ചെയ്യേണ്ടതായി വരും അത് 50 മുതല്‍ മൂവായിരം കിലോമീറ്റര്‍ വരെയാകാം. ഇപ്പോളത്തെ ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള യാത്ര അനുവദിക്കുവാന്‍ ഇടയില്ല. അതിനാല്‍ തന്നെ ഈ ലീഗുകളെല്ലാം എങ്ങനെ നടത്തുമെന്നത് ബിസിസിഐ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നും ബിസിസിഐ സിഇഒ പറഞ്ഞു.

താരങ്ങളുടെയും ക്രിക്കറ്റ് ആരാധകരുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും മത്സരവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും എല്ലാം ആരോഗ്യവും രക്ഷയുമാണ് ബിസിസിഐ നോക്കേണ്ടതെന്നും അനുയോജ്യമായ തീരുമാനം മാത്രമേ ഉണ്ടാകുകയുള്ളുവെന്നും ജോഹ്രി വ്യക്തമാക്കി.