കന്നി രഞ്ജി കിരീടവുമായി മധ്യ പ്രദേശ്

Sports Correspondent

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായി കിരീട ജേതാക്കളായി മധ്യ പ്രദേശ്. 108 റൺസ് വിജയ ലക്ഷ്യം നേടിയിറങ്ങിയ മധ്യ പ്രദേശ് 29.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.

ആദ്യ ഇന്നിംഗ്സിൽ ശതകം നേടിയ യഷ് ദുബേയെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഹിമാന്‍ഷു മന്ത്രിയും ശുഭം ശര്‍മ്മയും 52 റൺസ് നേടി മധ്യ പ്രദേശിനെ മുന്നോട്ട് നയിച്ചു. ഹിമാന്‍ഷു 37 റൺസ് നേടിയപ്പോള്‍ താരത്തെയും പാര്‍ത്ഥ് സഹാനിയെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ഷംസ് മുലാനി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

പിന്നീട് ശുഭം ശര്‍മ്മയും രജത് പടിദാറും ചേര്‍ന്ന് 35 റൺസ് നേടി മധ്യ പ്രദേശിനെ കന്നി രഞ്ജി കിരീടത്തിന് 7 റൺസ് അകലേയ്ക്ക് നയിച്ചു. ശുഭം ശര്‍മ്മ 30 റൺസ് നേടി പുറത്തായപ്പോള്‍ ഷംസ് മുലാനിയ്ക്കായിരുന്നു ഈ വിക്കറ്റും. രജത് പടിദാര്‍ 30 റൺസുമാണ് നേടിയത്.