“ഉമ്രാൻ മാലികിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണം”

ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലികിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദിലീപ് വെങ്‌സർക്കർ. കഴിഞ്ഞ ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഉമ്രാൻ മാലിക്ക് ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈടെരബാദിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഉമ്രാൻ മാലിക് സ്ഥിരമായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുകയും ചെയ്തിരുന്നു.

ടി20 ലോകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉമ്രാൻ മാലിക് ഇടം നേടുമെന്നാണ് താൻ കരുതുന്നതെന്നും ഉമ്രാൻ മാലിക് മികച്ച പ്രതിഭയുള്ള താരമാണെന്നും വെങ്‌സർക്കർ പറഞ്ഞു. ഐ.പി.എല്ലിൽ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ടി20 ഫോർമാറ്റിന് യോജിച്ച മികച്ച താരമാണ് ഉമ്രാൻ മാലിക് എന്നും വെങ്‌സർക്കർ പറഞ്ഞു. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 ടീമിൽ താരത്തിന് അവസരം ലഭിച്ചെങ്കിലും ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ഇന്ന് ആരംഭിക്കുന്ന അയർലണ്ടിനെതിരായ ടി20 മത്സരത്തിൽ ഉമ്രാൻ മാലികിന് അവസരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.