കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിയുടെ തോല്‍വി ഭയത്തെ ഒഴിവാക്കി കുണാല്‍ ചന്ദേലയും നിതീഷ് റാണയും. ഇരുവരും ചേര്‍ന്ന് മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന സൂചന നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 142 റണ്‍സിന് ഡല്‍ഹിയെ പുറത്താക്കിയ കേരളത്തിന് രണ്ടാം ഇന്നിംഗ്സില്‍ കാര്യമായ മേല്‍ക്കൈ നേടാനാകാതെ പോയപ്പോള്‍ മത്സരം ഏറെക്കുറെ സമനിലയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത രണ്ട് സെഷനുകളില്‍ കേരള ബൗളര്‍മാരുടെ അവിസ്മരണീയ പ്രകടനം ഒന്ന് മാത്രമേ ഡല്‍ഹിയെ തോല്‍വിയിലേക്ക് തള്ളിയിടുവാന്‍ സാധ്യതയുള്ളു.
കുണാല്‍ ചന്ദേലയും നിതീഷ് റാണയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 104 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. ചന്ദേല തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ നിതീഷ് റാണ അര്‍ദ്ധ ശതകം നേടി. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഡല്‍ഹി 289/2 എന്ന നിലയിലാണ്. 118 റണ്‍സുമായി ചന്ദേലയും 61 റണ്‍സുമായി നിതീഷ് റാണയുമാണ് ക്രീസില്‍. 20 റണ്‍സ് നേടിയ ധ്രുവ് ഷോറെയുടെ വിക്കറ്റാണ് ഡല്‍ഹിയ്ക്ക് ഇന്ന് നഷ്ടമായത്. ജലജ് സക്സേനയ്ക്കാണ് വിക്കറ്റ്.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 94 റണ്‍സ് പിന്നിലാണ് ഇപ്പോളും ഡല്‍ഹി.