മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ജലജ് സക്‌സേന രഞ്ജി ട്രോഫിയിലെ തൻ്റെ 28-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ, സെൻ്റ് സേവ്യേഴ്‌സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ പഞ്ചാബിനെ 194 റൺസിന് പുറത്താക്കാൻ കേരളത്തിന് ആയി. മഴ കാരണം ആദ്യ രണ്ട് ദിവസത്തെ കളിയിൽ കുറവ് ഓവറുകൾ മാത്രമെ എറിയാൻ ആയിരുന്നുള്ളൂ. ഇന്ന് മാനം തെളിഞ്ഞ ആദ്യ സെഷനിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കേരളം പഞ്ചാബിന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കുക ആയിരുന്നു.

സക്‌സേനയുടെ റെക്കോർഡ് ബ്രേക്കിംഗ് സ്പെൽ
രഞ്ജി ട്രോഫിയിൽ ഇപ്പോൾ 393 വിക്കറ്റ് നേടിയിട്ടുള്ള ജലജ് സക്‌സേന 30.5 ഓവറിൽ 81 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി തൻ്റെ ക്ലാസ് കാണിച്ചു. ഇത് അദ്ദേഹത്തിൻ്റെ 28-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു, ഇപ്പോൾ സജീവമായ കളിക്കാരിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടമുള്ളത് സക്സേനയ്ക്ക് ആണ്. അൻമോൽപ്രീത് സിംഗ് (28), നെഹാൽ വധേര (9), കൃഷ് ഭഗത് (15), ഗുർനൂർ ബ്രാർ (14), സിദ്ധാർത്ഥ് കൗൾ (19) എന്നിവരുടെ വിക്കറ്റുകൾ ആണ് സക്സേന നേടിയത്.
33 ഓവറിൽ 62 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ എ എ സർവതെ സക്‌സേനയ്ക്ക് മികച്ച പിന്തുണ നൽകി.
ബാറ്റർമാർ പരാജയപ്പെട്ട പഞ്ചാബ്
രമൺദീപ് സിംഗ് (43), മായങ്ക് മാർക്കണ്ഡെ (37*) എന്നിവർ മാത്രമാണ് പഞ്ചാബിനായി ചെറുത്തുനിൽപ്പ് നൽകിയത്. കേരളത്തിൻ്റെ അച്ചടക്കമുള്ള ബൗളിംഗ് ആക്രമണത്തിൽ പഞ്ചാബ് 82.5 ഓവറിൽ 194 റൺസിന് ചുരുങ്ങി.