കേരളത്തിൻ്റെ വെറ്ററൻ ഓൾറൗണ്ടറായ ജലജ് സക്സേന രഞ്ജി ട്രോഫി ചരിത്രത്തിൽ 6,000 റൺസും 400 വിക്കറ്റും എന്ന ശ്രദ്ധേയമായ ഇരട്ട നേട്ടം തികക്കുന്ന ആദ്യ കളിക്കാരനായി. ഉത്തർപ്രദേശിനെതിരായ കേരളത്തിൻ്റെ 2024-25 രഞ്ജി ട്രോഫി പോരാട്ടത്തിൽ 5 വിക്കറ്റ് നേടിക്കൊണ്ടാണ് അദ്ദേഹം ചരിത്ര നോട്ടത്തിൽ എത്തിയത്. ഉത്തർപ്രദേശിൻ്റെ നിതീഷ് റാണയെ പുറത്താക്കിയതോടെയാണ് സക്‌സേന ചരിത്ര നേട്ടം കുറിച്ചത്.
തൻ്റെ 17 ഓവറിൽ 56 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി സക്‌സേന ഉത്തർപ്രദേശിൻ്റെ ബാറ്റിംഗ് നിരയെ തകർത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തൻ്റെ 31-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം അദ്ദേഹം അടയാളപ്പെടുത്തി.
ജലജ് സക്‌സേന തൻ്റെ ഫസ്റ്റ് ക്ലാസ് കരിയർ മധ്യപ്രദേശിൽ നിന്ന് 2005-ൽ ആരംഭിച്ചു, 2016-17 സീസണിൽ കേരളത്തിലേക്ക് എത്തി. കേരളത്തിൻ്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരൻ എന്നതിന് പുറമേ, സക്‌സേന സംസ്ഥാനത്തിനായി 2,000 രഞ്ജി ട്രോഫി റൺസ് പിന്നിട്ടു. കഴിഞ്ഞ വർഷം, ആഭ്യന്തര ഫോർമാറ്റുകളിലുടനീളം 9,000 റൺസും 600 വിക്കറ്റുകളും നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ അദ്ദേഹം എത്തി.
രഞ്ജി ട്രോഫി ചരിത്രത്തിൽ 400 വിക്കറ്റ് തികയ്ക്കുന്ന 13-ാമത്തെ ബൗളറാണ് സക്‌സേന.