അലക്സ് ഹെയില്‍സുമായി കരാറിലെത്തി രംഗ്പൂര്‍ റൈഡേഴ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായി അലക്സ് ഹെയില്‍സ് എത്തുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരക്ഷ കാരണങ്ങളാല്‍ ദേശീയ ടീമിനൊപ്പം ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുവാന്‍ വിസമ്മതിച്ച താരം ഇപ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായാണ് എത്തുന്നത്. രംഗ്പൂര്‍ റൈഡേഴ്സ് ആണ് താരത്തിനെ സ്വന്തമാക്കിയിരിക്കുന്നത്. ഡ്രാഫ്ടിനു പുറത്ത് നിന്നാണ് താരത്തിനെ രംഗ്പൂര്‍ കരാറിലെത്തിക്കുന്നത്.

ടോം മൂഡി കോച്ചായിട്ടുള്ള ടീമില്‍ കളിക്കുവാനെത്തുന്നു എന്നതും അലക്സ് ഹെയില്‍സിനു ഏറെ സന്തോഷകരമായ വാര്‍ത്തയാണ്. മൂഡി പരിശീലിപ്പിക്കുന്ന സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടിയാണ് ഐപിഎലില്‍ ഹെയില്‍സ് കളിക്കുന്നത്. എബി ഡി വില്ലിയിലേഴ്സിനു വേണ്ടിയും രംഗ്പൂര്‍ തങ്ങളുടെ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ജനുവരിയില്‍ നടക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ സമയത്ത് തന്നെയാണ് ബിഗ് ബാഷ് ലീഗും യുഎഇ ടി20 ടൂര്‍ണ്ണമെന്റും അരങ്ങേറുന്നതിനാല്‍ എബി ഡി വില്ലിേയഴ്സിനെ പൂര്‍ണ്ണമായും സീസണില്‍ ടീമിനു ലഭിക്കില്ലെന്നതാണ് സ്ഥിതി. ബിഗ് ബാഷ് മത്സരങ്ങള്‍ കഴിഞ്ഞ് മാത്രമേ എബിഡി ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തുവാന്‍ സാധിക്കുകയുള്ളു.