ഇതിഹാസം പടിയിറങ്ങുന്നു, അരങ്ങേറ്റം കുറിച്ച അതേ വേദിയില്‍ കളിയവസാനിപ്പിക്കുവാന്‍ തീരുമാനിച്ച് രംഗന ഹെരാത്ത്

- Advertisement -

ശ്രീലങ്കയുടെ സീനിയര്‍ വെറ്ററന്‍ സ്പിന്നര്‍ രംഗന ഹെരാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനൊരുങ്ങുന്നു. താരം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നുവെങ്കിലും പരമ്പരയിലെ ആദ്യ ടെസ്റ്റിനു ശേഷം വിരമിക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഗോളില്‍ 19 വര്‍ഷം മുമ്പ് താന്‍ അരങ്ങേറ്റം കുറിച്ച ഗ്രൗണ്ടില്‍ തന്നെ തന്റെ കളിയവസരവും മതിയാക്കുവാനാണ് ഹെരാത്തിന്റെ തീരുമാനം.

മുത്തയ്യ മുരളീധരനു പിന്നിലായി രണ്ടാം സ്ഥാനത്താണ് ശ്രീലങ്കയുടെ വിക്കറ്റ് നേട്ടക്കാരില്‍ ഹെരാത്തിന്റെ സ്ഥാനം. 430 വിക്കറ്റുകളുള്ള ഹെരാത്തിനു ഈ ടെസ്റ്റില്‍ നിന്ന് സ്റ്റുവര്‍ട് ബ്രോഡ്, കപില്‍ ദേവ്, റിച്ചാര്‍ഡ് ഹാഡ്‍ലി എന്നിവരുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ അവസരമുണ്ട്. താരം പരമ്പര മുഴുവന്‍ കളിച്ചിരുന്നുവെങ്കില്‍ ഈ റെക്കോര്‍ഡുകള്‍ തീര്‍ച്ചയായും മറികടക്കുമായിരുന്നുവെങ്കിലും ആദ്യ ടെസ്റ്റില്‍ മാത്രം കളിക്കുവാനുള്ള തീരുമാനം എടുത്തതോടെ ആദ്യ ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തിനെ ആശ്രയിച്ചിരിക്കും താരത്തിനു ഇവരെ മറികടക്കുവാനാകുമോയെന്നത്.

1999ല്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും 2010ല്‍ മുരളീധരന്‍ റിട്ടയര്‍ ചെയ്യുന്നത് വരെ താരത്തിനു പിന്നില്‍ നിഴലായി നില്‍ക്കുവാന്‍ വിധിക്കപ്പെട്ട താരമായിരുന്നു രംഗന ഹെരാത്ത്. ഈ പത്ത് വര്‍ഷത്തെ കാലയളവില്‍ 22 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ഹെരാത്ത് കളിച്ചിട്ടുള്ളത്. അതില്‍ 71 വിക്കറ്റുകള്‍ താരം സ്വന്തമാക്കി.

അതിനു ശേഷം ശ്രീലങ്ക കളിച്ച 81 ടെസ്റ്റില്‍ 70 എണ്ണത്തിലും ഹെരാത്ത് കളിച്ചു. ഇതില്‍ നിന്ന് 359 വിക്കറ്റാണ് ഹെരാത്ത് സ്വന്തമാക്കിയിട്ടുള്ളത്. നൂറു ടെസ്റ്റ് മത്സരം കളിച്ച് കരിയര്‍ അവസാനിപ്പിച്ചുകൂടെ എന്ന ചോദ്യത്തിനു നൂറ് ടെസ്റ്റുകള്‍ കളിക്കുക എന്നത് ഏറെ മഹത്തരമായ നേട്ടമാണെങ്കില്‍ സത്യസന്ധമായ താന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഹെരാത്ത് മറുപടി പറഞ്ഞത്.

നൂറ് ടെസ്റ്റ് മത്സരങ്ങളെന്ന നേട്ടം സ്വന്തമാക്കാനാകില്ലെങ്കിലും ഗോളില്‍ നൂറ് ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന താരമായി മുത്തയ്യ മുരളീധരനു പിന്നില്‍ നില്‍ക്കുവാന്‍ ഹെരാത്തിനു സാധ്യമായേക്കും.

Advertisement