വില്ലനായി മഴ, മൂന്നാം ദിവസം കളി തടസ്സപ്പെട്ടു

Sports Correspondent

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തേരോട്ടത്തില്‍ തകര്‍ന്ന ഓസ്ട്രേലിയയ്ക്ക് ആശ്വാസമായി മഴ. ഇന്ത്യയ്ക്കെതിരെ 622 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 386 റണ്‍സ് പിന്നിലായി 236/6 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വില്ലനായി എത്തുന്നത്. മൂന്നാം ദിവസം 17ഓളം ഓവറുകള്‍ അവശേഷിക്കെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(28), പാറ്റ് കമ്മിന്‍സ്(25) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

നേരത്തെ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് 79 റണ്‍സുമായി തിളങ്ങിയെങ്കിലും ഓസ്ട്രേലിയയുടെ നടുവൊടിച്ച് കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും സംഹാര താണ്ഡവമാടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 72 റണ്‍സ് ചേര്‍ത്ത ശേഷം 198/6 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീഴുകയായിരുന്നു. ഫോളോ ഓണ്‍ ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഓസ്ട്രേലിയയെ കാത്തിരിക്കുന്നത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.