ഡുമിനിയ്ക്ക് പകരം ക്വിന്റണ്‍ ഡിക്കോക്ക് മാര്‍ക്കീ താരം

പ്രഥമ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ആയ സാന്‍സി സൂപ്പര്‍ ലീഗിലെ ഫ്രാഞ്ചൈസികളെയും മാര്‍ക്കീ താരങ്ങളെയും പ്രഖ്യാപിച്ചു. കേപ് ടൗണ്‍ ബ്ലിറ്റ്സ് ആദ്യം ജെപി ഡുമിനിയെയാണ് മാര്‍ക്കീ താരമായി പ്രഖ്യാപിച്ചതെങ്കിലും താരം പരിക്കേറ്റ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത് സംശയത്തിലായതോടെ ക്വിന്റണ്‍ ഡിക്കോക്കിനെ പകരം മാര്‍ക്കീ താരമായി പ്രഖ്യാപിച്ചു.

ഡര്‍ബന്‍ ഹീറ്റ് ഹാഷിം അംലയെ മാര്‍ക്കീ താരവും ഗ്രാന്റ് മോര്‍ഗനെ കോച്ചായും പ്രഖ്യാപിച്ചു. ഫാഫ് ഡു പ്ലെസി, എബി ഡി വില്ലിയേഴ്സ്, ഹാഷിം അംല, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍ എന്നിവരോടൊപ്പം ഇംഗ്ലണ്ടില്‍ നിന്ന് ഓയിന്‍ മോര്‍ഗന്‍, ജേസണ്‍ റോയ്, ദാവീദ് മലന്‍, വിന്‍ഡീസില്‍ നിന്ന് ക്രിസ് ഗെയില്‍, ഡ്വെയിന്‍ ബ്രാവോ എന്നിവരും അഫ്ഗാനിസ്ഥാനില്‍ നിന്ന് റഷീദ് ഖാനുമാണ് അന്താരാഷ്ട്ര മാര്‍ക്കീ താരങ്ങള്‍.