മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയെ പ്രതിരോധത്തിലാക്കി ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍

Sports Correspondent

ഏകദിന പരമ്പരയിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കത്തിന് ശേഷം തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 14.4 ഓവറില്‍ 103 റണ്‍സ് നേടിയ ഇന്ത്യയ്ക്ക് 37 റണ്‍സ് നേടിയ രോഹിത്തിനെയാണ് ആദ്യം നഷ്ടമായത്. 56 പന്തില്‍ 67 റണ്‍സ് നേടിയ ശിഖര്‍ ധവാനെയും വീഴ്ത്തി ആദില്‍ റഷീദ് തന്റെ തൊട്ടടുത്ത ഓവറില്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യയുടെ കാര്യങ്ങള്‍ കുഴപ്പത്തിലായി.

അടുത്ത ഓവറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെയും(7) ടീമിന് നഷ്ടമായി. മോയിന്‍ അലിയ്ക്കായിരുന്നു വിക്കറ്റ്. 103/0 എന്ന നിലയില്‍ നിന്ന് 121/3 എന്ന നിലയിലേക്ക് ഇന്ത്യ വീഴുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ 19 ഓവറില്‍ 122 റണ്‍സാണ് ഇന്ത്യ നേടിയിട്ടുള്ളത്.