പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള മുൾട്ടാൻ സുൽത്താൻസിനെ വിജയികളായി പ്രഖ്യാപിക്കണമെന്ന് ടീമിലെ പരിശീലക സംഘത്തിലെ അംഗമായ മുഷ്‌താഖ് അഹമ്മദ്. കൊറോണ വൈറസ് ബാധമൂലം പി.എസ്.എൽ നിർത്തിവെക്കുമ്പോൾ 10 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി മുൾട്ടാൻ സുൽത്താൻസ് ഒന്നാം സ്ഥാനത്തായിരുന്നു.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് 2020 അവസാനത്തോടെ പി.എസ്.എല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ നടത്താനാണ് ശ്രമം നടത്തുന്നത്. എന്നാൽ പി.എസ്.എല്ലിന്റെ അഞ്ചാം പതിപ്പ് ശെരിയായ രീതിയിൽ അവസാനിപ്പിക്കണമെന്നും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മുൾട്ടാൻ സുൽത്താൻസിനെ വിജയികളായി പ്രഖ്യാപിക്കണമെന്നും മുഷ്‌താഖ് അഹമ്മദ് പറഞ്ഞു. ഈ വർഷത്തിന്റെ അവസാനം ബാക്കിയുള്ള മത്സരങ്ങൾ നടത്തുമ്പോൾ ഏതൊക്കെ താരങ്ങൾ ടീമിനായി കളിക്കാൻ ഉണ്ടാവും എന്നതിന് വ്യക്തത ഉണ്ടാവില്ലെന്നും മുഷ്‌താഖ് അഹമ്മദ് പറഞ്ഞു.
പാകിസ്ഥാൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കാനിരിക്കെയാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചത്.