ബംഗ്ലാദേശിനാവും സമ്മര്‍ദ്ദം – ഷോണ്‍ വില്യംസ്

അഫ്ഗാനിസ്ഥാനോട് പരാജയമേറ്റു വാങ്ങിയതോടെ ഫൈനലില്‍ കടക്കുക എന്ന അതീവ സമ്മര്‍ദ്ദത്തിലായിരിക്കുന്നത് ബംഗ്ലാദേശാണെന്ന് പറഞ്ഞ് സിംബാബ്‍വേ ഓള്‍റൗണ്ടര്‍ ഷോണ്‍ വില്യംസ്. നാളെ സിംബാബ്‍േവയും ബംഗ്ലാദേശും ഏറ്റുമുട്ടുമ്പോള്‍ തങ്ങളെക്കാള്‍ സമ്മര്‍ദ്ദം ആതിഥേയര്‍ക്കാണെന്നാണ് സിംബാബ്‍വേ താരം പറയുന്നത്. സിംബാബ്‍വേ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയമേറ്റു വാങ്ങിയെങ്കിലും ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തില്‍ വിജയ സാധ്യതയുണ്ടായിട്ടാണ് മത്സരം ടീം കൈവിട്ടത്.

ഈ ആനുകൂല്യം മുതലാക്കി സിംബാബ്‍വേ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുവാനുള്ള ഏറ്റവും മികച്ച അവസരമാണിപ്പോളുള്ളതെന്ന് ഷോണ്‍ വില്യംസ് വ്യക്തമാക്കി. തങ്ങള്‍ ആദ്യ മത്സരത്തെപ്പോലെ മികച്ച പ്രകടനം ശരിയായി പുറത്തെടുത്താല്‍ വിജയം ഒപ്പമുണ്ടാകുമെന്നും വില്യംസ് പറഞ്ഞു. അതി ശക്തമായ ടീമാണ് ബംഗ്ലാദേശെങ്കിലും ടി20യില്‍ എന്ത് വേണമെങ്കിലും സംഭവിക്കാമെന്ന് താരം പറഞ്ഞു.

നേരിയ മാര്‍ജിനുകളില്‍ മത്സരം നിര്‍ണ്ണയിക്കപ്പെടുന്ന ഫോര്‍മാറ്റാണ് ടി20. അവരുടെ ടീമില്‍ പരിചയസമ്പന്നരായ ഒട്ടനവധി മികച്ച താരങ്ങളുണ്ടെന്നത് ഞങ്ങള്‍ ബഹുമാനിക്കുന്ന കാര്യമാണെങ്കിലും മത്സരത്തില്‍ തങ്ങള്‍ക്കും തുല്യമായ സാധ്യതയാണെന്ന് സിംബാബ്‍വേ താരം അഭിപ്രായപ്പെട്ടു.