ലക്ഷ്യം 2019 ലോകകപ്പ് വരെ കളിയ്ക്കുക: മൊര്‍തസ

- Advertisement -

അടുത്ത ജൂണില്‍ നടക്കുന്ന ലോകകപ്പ് വരെ ബംഗ്ലാദേശിനു വേണ്ടി കളിയ്ക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് അറിയിച്ച് മഷ്റഫേ മൊര്‍തസ. 2017 ഏപ്രിലില്‍ ടി20യില്‍ നിന്ന് വിരമിച്ച മൊര്‍തസ ഉടന്‍ തന്നെ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ തീരുമാനം അറിയിക്കുമെന്നാണ് സൂചിപ്പിച്ചത്. അത് തനിക്ക് ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ സജീവമാകുന്നതിനു വേണ്ടിയാണെന്നാണ് താരം അഭിപ്രായപ്പെട്ടത്. ടെസ്റ്റില്‍ നിന്ന് വിരമിക്കുവാന്‍ തീരുമാനിക്കുമ്പോളും 2009നു ശേഷം മൊര്‍തസ ടെസ്റ്റില്‍ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചിട്ടില്ല എന്ന വസ്തുതയും പ്രേക്ഷകര്‍ മനസ്സിലാക്കേണ്ടതുണ്ട്.

വ്യക്തിപരമായ തന്റെ ലക്ഷ്യം ലോകകപ്പ് വരെ കളിക്കുക എന്നതാണ്. 2017 ചാമ്പ്യന്‍സ് ട്രോഫിയുടെ സമയത്ത് താന്‍ വിരമിക്കുവാനുള്ള ആലോചനകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് മൊര്‍തസ പറഞ്ഞത്. ഫിറ്റ്നെസും ഫോമും താന്‍ പ്രതീക്ഷിക്കുന്നത് പോലെ നിലനില്‍ക്കുന്നതിനാലാണ് ലോകകപ്പ് വരെ തുടരുവാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും മൊര്‍തസ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇനിയുള്ള മാസങ്ങളില്‍ തനിക്ക് ഫോമും ഫിറ്റ്നെസും ഇതുപോലെ തുടരുവാന്‍ സാധിച്ചില്ലെങ്കില്‍ വിരമിക്കല്‍ തീരുമാനം പ്രതീക്ഷിക്കാവുന്നതാണെന്നും താരം കൂട്ടിചേര്‍ത്തു. ലോകകപ്പിനു ശേഷം കളി തുടരണമോ എന്നത് അപ്പോള്‍ മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും മൊര്‍തസ അഭിപ്രായപ്പെട്ടു.

Advertisement