യുവതാരങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കാനുള്ള അവസരമാണിതെന്ന് ശിഖർ ധവാൻ

Staff Reporter

അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി യുവതാരങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കാനുള്ള അവസരമാണിതെന്ന് ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാൻ.  അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് മുൻപ് വാഷിംഗ്‌ടൺ സുന്ദറിനെപോലെയും ദീപക് ചഹാറിനെ പോലെയുമുള്ള താരങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പര ഉപകാരപ്പെടുമെന്നും ധവാൻ പറഞ്ഞു.

വാഷിംഗ്‌ടൺ സുന്ദറിന്റെയും ദീപക് ചഹാറിന്റെയും പ്രകടനത്തിൽ എല്ലാവരും സംതൃപ്തരാണെന്നും ശിഖർ ധവാൻ പറഞ്ഞു. യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ കൂടുതൽ അവസരങ്ങൾ സെലക്ടർമാർ നൽകുമെന്നാണ് തന്റെ വിശ്വാസമെന്നും ധവാൻ പറഞ്ഞു. റിഷഭ് പന്തിനെ പോലെയും ശ്രേയസ് അയ്യരെപോലെയും ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരങ്ങളെ സഹായിക്കാൻ സീനിയർ താരങ്ങൾ എപ്പോഴും തയ്യാറാണെന്നും ധവാൻ കൂട്ടിച്ചേർത്തു. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിൽ നടക്കുന്ന മൂന്നാം ടി20 മത്സരം ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.