വേതനം കുറയ്ക്കല്‍ പോലുള്ള നടപടി ഈ സാഹചര്യത്തില്‍ ആവശ്യമായ കാര്യം – ടിം പെയിന്‍

കോവിഡ് 19ന്റെ വ്യാപനത്തിനെത്തുടര്‍ന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ താരങ്ങളുടെ വേതനങ്ങള്‍ വെട്ടിച്ചുരുക്കിയേക്കും എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. തങ്ങളുടെ എക്സിക്യൂട്ടീവുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഈ നടപടി താരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് അറിയുന്നത്.

ഓസ്ട്രേലിയയില്‍ ഇപ്പോള്‍ ഓഫ് സീസണ്‍ തുടങ്ങുവാനിരിക്കുന്നതിനാല്‍ ക്രിക്കറ്റ് ഇല്ലാത്തത് താരങ്ങള്‍ക്ക് വലിയ വിഷമം ഉണ്ടാക്കിയേക്കില്ല. പക്ഷേ ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റും കൗണ്ടിയും നഷ്ടമാകുന്നത് താരങ്ങള്‍ക്ക് ഇനിയുള്ള സീസണുകളിലേക്കുള്ള തയ്യാറെടുപ്പുകളെ ബാധിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്.

അതിനിടയില്‍ വേതനം വെട്ടിച്ചുരുക്കുന്നത് ഇത്തരം സാഹചര്യത്തില്‍ ഏറ്റവും അനിവാര്യമായ കാര്യമാണെന്ന് ടിം പെയിന്‍ വ്യക്തമാക്കി. ഫുട്ബോളിലും മറ്റു സ്പോര്‍ട്സിലും ഇത് നടക്കുകയാണ് ക്രിക്കറ്റിലും അത് സംഭവിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ടിം പെയിന്‍ പറഞ്ഞു. ഈ കളി നില നിന്ന് പോകണമെന്നത് കളിക്കാരെന്ന നിലയില്‍ നമ്മളുടെയും ആവശ്യമാണ്, അതിലേക്ക് നമ്മളാല്‍ ചെയ്യാവുന്ന കാര്യം ചെയ്യണമെന്നാണ് തന്റെ നിലപാടെന്ന് പെയിന്‍ പറഞ്ഞു.

താരങ്ങള്‍ക്ക് ചെയ്യാനാകുന്ന ഏറ്റവും ചെറിയ കാര്യമാണ് ഈ വേതനം വെട്ടിച്ചുരുക്കലെന്നും ടിം പെയിന്‍ വ്യക്തമാക്കി.

Previous articleകൊറോണ വൈറസ് ബാധിച്ച് ലങ്കാഷെയർ ചെയർമാൻ ഡേവിഡ് ഹോഡ്കിസ് അന്തരിച്ചു
Next articleആഷസ് പോലെ തന്നെ പ്രാധാന്യമേറിയതാണ് ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയും