അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ഋഷഭ് പന്ത്, ലോകേഷ് രാഹുലിന് ശതകം

പൂനെയിലെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ്. ഇന്ന് ഇന്ത്യയുടെ തുടക്കം മോശമായിരുന്നുവെങ്കിലും വിരാട് കോഹ്‍ലിയും ലോകേഷ് രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 121 റണ്‍സാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ശിഖര്‍ ധവാനെയും രോഹിത് ശര്‍മ്മയെയും(25) തുടക്കത്തില്‍ തന്നെ നഷ്ടമായി 37/2 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് 66 റണ്‍സ് നേടിയ കോഹ്‍ലിയെ അടുത്തതതായി നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 158 റണ്‍സായിരുന്നു.

Rahulkohli

നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം ഋഷഭ് പന്ത് എത്തിയതോടെ ഇന്ത്യയുടെ ഇന്നിംഗ്സിന് വേഗത കൂടി. ടോം കറന്‍ പന്തിന്റെ സ്കോര്‍ 40ല്‍ നില്‍ക്കെ പന്തിനെ പുറത്താക്കിയതായി അമ്പയര്‍ വിധിച്ചുവെങ്കിലും ഡിആര്‍എസിലൂടെ തീരുമാനം തെറ്റാണെന്ന് പന്ത് തെളിയിക്കുകയായിരുന്നു.

ഓവറിലെ അടുത്ത രണ്ട് പന്തില്‍ സിക്സും ഫോറും നേടി ഋഷഭ് തന്റെ അര്‍ദ്ധ ശതകം 28 പന്തില്‍ തികയ്ക്കുകയായിരുന്നു. 108 പന്തില്‍ നിന്നാണ് രോഹിത് തന്റെ അഞ്ചാം ശതകം പൂര്‍ത്തിയാക്കിയത്. 108 റണ്‍സ് നേടി കെഎല്‍ രാഹുലിനെ ടോം കറന്‍ പുറത്താക്കുമ്പോള്‍ പന്തുമായി ചേര്‍ന്ന് 113 റണ്‍സാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയത്.

Klrahul

40 പന്തില്‍ 77 റണ്‍സ് നേടിയ പന്ത് 7 സിക്സുകളാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. 16 പന്തില്‍ നാല് സിക്സ് ഉള്‍പ്പെടെ 35 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയെ ഉയര്‍ന്ന സ്കോറിലേക്ക് നയിക്കുവാന്‍ സഹായിച്ചു. ഇംഗ്ലണ്ട് ബൗളര്‍മാരില്‍ റീസ് ടോപ്ലേയും ടോം കറനും രണ്ട് വീതം വിക്കറ്റ് നേടി.