സിംബാബ്‍വേയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ടി20 വിജയം ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു

Pakistan

പാക്കിസ്ഥാന്റെ സിംബാബ്‍വേയ്ക്കെതിരെയുള്ള 2-1ന്റെ ടി20 വിജയം ടീമിന്റെ മോശം അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം റമീസ് രാജ. ദക്ഷിണാഫ്രിക്കയില്‍ വിജയം നേടിയെത്തിയ പാക്കിസ്ഥാന് സിംബാബ്‍വേയ്ക്കെതിരെ ആധികാരിക വിജയം നേടാനായില്ല. പരമ്പര 2-1ന് വിജയിച്ചുവെങ്കിലും ഒരു മത്സരത്തിലും ടീമിന് ആധികാരികമായ വിജയം നേടുവാനായില്ല.

ആദ്യ മത്സരത്തില്‍ 11 റണ്‍സിനും മൂന്നാം മത്സരത്തില്‍ 24 റണ്‍സിനും വിജയം നേടിയ ടീം രണ്ടാം മത്സരത്തില്‍ സിംബാബ്‍വേയോട് 19 റണ്‍സിന് പരാജയം ഏറ്റുവാങ്ങി. സിംബാബ്‍വേയെ 118 റണ്‍സിന് പുറത്താക്കിയ ശേഷമാണ് 99 റണ്‍സിന് ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്റെ നാണംകെട്ട തോല്‍വി.

ഈ പരമ്പര വിജയം ഉത്തരങ്ങളെക്കാള്‍ അധികം ചോദ്യങ്ങളാണുയര്‍ത്തുന്നതെന്നാണ് റമീസ് രാജ തന്റെ ട്വീറ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.