മൂന്ന് റണ്‍സിന്റെ ആവേശ ജയം നേടി പാക്കിസ്ഥാന്‍

Pakistan
- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് റണ്‍സിന്റെ ആവേശകരമായ വിജയം നേടി പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 169/6 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 166 റണ്‍സേ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു.

64 പന്തില്‍ 104 റണ്‍സുമായി പുറത്താകാതെ നിന്ന് മുഹമ്മദ് റിസ്വാന്‍ ആണ് പാക്കിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറില്‍ 19 റണ്‍സായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്. എന്നാല്‍ ഓവറില്‍ നിന്ന് 15 റണ്‍സ് മാത്രമേ പിറന്നുള്ളു.

ഓപ്പണര്‍മാരായ ജാന്നേമന്‍ മലനും റീസ ഹെന്‍ഡ്രിക്സും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. മലന്‍ 29 പന്തില്‍ 44 റണ്‍സ് നേടി പുറത്തായപ്പോള്‍ റീസ ഹെന്‍ഡ്രിക്സിന് തന്റെ ഇന്നിംഗ്സിന് വേഗത നല്‍കുവാന്‍ സാധിച്ചില്ല. 42 പന്തില്‍ നിന്ന് 54 റണ്‍സാണ് ഹെന്‍ഡ്രിക്സ് നേടിയത്.

അവസാന ഓവറുകളില്‍ ഡ്വെയിന്‍ പ്രിട്ടോറിയസ്(6 പന്തില്‍ 15), ബ്ജോര്‍ണ് ഫോര്‍ട്ടുയിന്‍(9 പന്തില്‍ 17) എന്നിവര്‍ പുറത്താകാതെ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം മറികടക്കുവാന്‍ ടീമിനായില്ല.

പാക്കിസ്ഥാന് വേണ്ടി ഉസ്മാന്‍ ഖാദിറും ഹാരിസ് റൗഫും രണ്ട് വീതം വിക്കറ്റ് നേടി.

Advertisement