പാക്കിസ്ഥാന്‍ ഇന്നിംഗ്സിനു വിരാമം, ഹാരിസ് സൊഹൈലിനു ശതകം

- Advertisement -

മുഹമ്മദ് ഹഫീസിനു പിന്നാലെ രണ്ടാം ദിവസം ഹാരിസ് സൊഹൈല്‍ ശതകം നേടിയപ്പോള്‍ പാക്കിസ്ഥാനു മികച്ച സ്കോര്‍. 164.2 ഓവറുകള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 482 റണ്‍സാണ് ടീം നേടിയത്. 255/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാനു നൈറ്റ് വാച്ച്മാന്‍ മുഹമ്മദ് അബ്ബാസിനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. അഞ്ചാം വിക്കറ്റില്‍ 150 റണ്‍സ് കൂട്ടിചേര്‍ത്ത് ആസാദ് ഷഫീക്കും(80) ഹാരിസ് സൊഹൈലും ചേര്‍ന്ന് ക്രീസില്‍ നിന്നപ്പോള്‍ പാക്കിസ്ഥാന്‍ 500 കടക്കുമെന്നാണ് കരുതിയതെങ്കിലും ആദ്യ ദിവസത്തിലേത് പോലെ രണ്ടാം ദിവസവും അവസാന ഘട്ടത്തില്‍ ഓസ്ട്രേലിയ വിക്കറ്റുകള്‍ നേടി തിരിച്ചടിച്ചു.

410/4 എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 482 റണ്‍സിനു അവസാനിക്കുകയായിരുന്നു. ഹാരിസ് സൊഹൈല്‍ 110 റണ്‍സ് നേടി ലയണിനു വിക്കറ്റ് നല്‍കി മടങ്ങി. ഓസ്ട്രേലിയയ്ക്കായി പീറ്റര്‍ സിഡില്‍ മൂന്നും നഥാന്‍ ലയണ്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ജോണ്‍ ഹോളണ്ട്, മാര്‍നസ് ലാബൂഷാനെ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

രണ്ടാം ദിവസം അവസാനിക്കമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സ് നേടിയിട്ടുണ്ട്. 17 റണ്‍സുമായി ഉസ്മാന്‍ ഖ്വാജയും 13 റണ്‍സ് നേടി ആരോണ്‍ ഫിഞ്ചുമാണ് ക്രീസില്‍ നില്‍ക്കുന്നത്. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ ഓസ്ട്രേലിയ 452 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

Advertisement