ടി20യില്‍ പൊരുതി വീണ് പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്കയ്ക്ക് 6 റണ്‍സ് ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഷൊയ്ബ് മാലിക് അവസാന നിമിഷം വരെ പൊരുതിയെങ്കിലും പാക്കിസ്ഥാനു കേപ് ടൗണിലെ ആദ്യ ടി20യില്‍ പരാജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ ജയിക്കുവാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനു 9 റണ്‍സ് മാത്രമേ നേടാനായുള്ളു. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ടീമിനു നേടാനായത്. മാലിക് 31 പന്തില്‍ നിന്ന് 49 റണ്‍സ് നേടി അവസാന ഓവറിലെ മൂന്നാം പന്തില്‍ പുറത്തായത് പാക്കിസ്ഥാന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

റീസ ഹെന്‍ഡ്രിക്സ് 41 പന്തില്‍ നിന്ന് 74 റണ്‍സും ഫാഫ് ഡു പ്ലെസി 45 പന്തില്‍ 78 റണ്‍സും നേടിയെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണത് 200 കടക്കുന്നതില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ തടഞ്ഞു. രണ്ടാം വിക്കറ്റില്‍ 131 റണ്‍സ് നേടിയ ഫാഫ്-റീസ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കന്‍ സ്കോറിന്റെ അടിത്തറ. പാക്കിസ്ഥാനു വേണ്ടി ഉസ്മാന്‍ ഷിന്‍വാരി 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത് ഷൊയ്ബ് മാലിക്(49), ഹുസൈന്‍ തലത്(40), ബാബര്‍ അസം(38) എന്നിവരുടെ സ്കോറുകളായിരുന്നു. മത്സരം പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെ അവസാന 9 ഓവറിലേക്ക് കടന്നപ്പോള്‍ ടീമിനു വിജയിക്കുവാന്‍ 7 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 93 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. എന്നാല്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ വട്ടം കറക്കിയെങ്കിലും മാലിക് പൊരുതി നിന്നു. അവസാന ഓവറില്‍ താരം പുറത്തായതോടെ പാക്കിസ്ഥാന്‍ പത്തി മടക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസ്, തബ്രൈസ് ഷംസി, ബ്യൂറന്‍ ഹെന്‍ഡ്രിക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.