ഈ തോല്‍വി ഏറെ നിരാശ നല്‍കുന്നു, പാക്കിസ്ഥാനെ പ്രകടനം തീര്‍ത്തും മോശം – ബാബര്‍ അസം

Babarazam

സിംബാബ്‍വേ നേടിയ 118 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 78/3 എന്ന നിലയിലായിരുന്നു. പിന്നീട് 21 റണ്‍സ് നേടുന്നതിനിടയില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയ ടീം പരാജയത്തിലേക്ക് വീഴുകയായിരുന്നു. വളരെ വേദനാജനകമായ പ്രകടനമായിരുന്നു പാക്കിസ്ഥാന്റെ എന്നാാണ് മത്സര ശേഷം ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞേ. 22 റണ്‍സ് നേടിയ ഡാനിഷ് അസീസ് മാത്രമാണ് 41 റണ്‍സ് നേടിയ ബാബര്‍ അസമിന് പിന്തുണ നല്‍കിയത്.

ദക്ഷിണാഫ്രിക്കയില്‍ 200 വിജയകരമായി ചേസ് ചെയ്ത ടീം ഇവിടെ അനായാസം വിജയിക്കേണ്ടതായിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ ടീം മോശം ക്രിക്കറ്റ് കളിച്ച് പരാജയം ഏറ്റുവാങ്ങുകയായിരുന്നുവെന്നും ബാബര്‍ പറഞ്ഞു. ഇതുവരെയുള്ള മത്സരങ്ങളില്‍ പാക്കിസ്ഥാന്റെ മിഡില്‍ ഓര്‍ഡര്‍ ആയിരുന്നു പരാജയപ്പെട്ടതെങ്കിലും ഇത്തവണ എല്ലാവരും ഒരു പോലെ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടതെന്ന് ബാബര്‍ അസം കൂട്ടിചേര്‍ത്തു.